കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് മട്ടന്നൂരിൽ താമസിച്ചത് ഷാജഹാൻ എന്ന പേരിലെന്ന് അയൽവാസി അഷ്റഫ്. ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു ഇയാളുടെ താമസം. പുലർച്ചെ 3 മണിയോടെ ഏഴ് വാഹനങ്ങളിലായി പൊലീസുകാരെത്തിയെന്നും മുഖത്ത് കറുത്ത തുണിയിട്ട് 6മണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി എന്നും അയൽവാസി വിശദീകരിച്ചു. മരപ്പണിക്കായി വന്ന് ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്നതിനാൽ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും ഒന്നരവർഷമായി ഇവിടെ താമസിക്കുന്നു എന്നും അയൽവാസി പറഞ്ഞു. 13 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ ഇന്നലെ അർദ്ധരാത്രിയോടെയാണ് മട്ടന്നൂരിലെ ബേരത്ത് നിന്ന് എൻഐഎ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവിടെ മരപ്പണി ചെയ്താണ് ഇയാൾ ജീവിച്ചിരുന്നത്. ഇയാൾ ജോലിസ്ഥലത്തേക്ക് വരുന്നതും പോകുന്നതും ഓട്ടോറിക്ഷയിലായിരുന്നു എന്നും അയൽപക്കവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അയൽവാസി പറഞ്ഞു. എട്ട് മാസമായി കുരുമുക്ക് എന്ന സ്ഥലത്താണ് ഇയാൾ മരപ്പണി ചെയ്ത് താമസിച്ചിരുന്നത്. സവാദിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. മരപ്പണി പഠിച്ചത് മട്ടന്നൂരിൽ എത്തിയ ശേഷമാണെന്നാണ് വിവരം.
2011 ലാണ് കൈവെട്ട് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവിധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെ വിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാംഘട്ടവിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയ്തവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.