എനാജി: ഗോവയിൽ ബംഗളൂരുവിലെ സ്റ്റാർട്ട്അപ് സി.ഇ.ഒ ആയ സുചന സേത്(39) നാലുവയസുള്ള മകനെ കൊലപ്പെടുത്തിയത് മകൻ അച്ഛനൊപ്പം പോകാതിരിക്കാൻ. മലയാളിയായ ഭർത്താവ് വെങ്കിട്ടരാമനുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയാണ് സുചന. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.സുചനയുടെ സംരക്ഷണത്തിലായിരുന്ന മകനെ ഞായറാഴ്ചകളില്‍ അച്ഛനൊപ്പമയക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ അസ്വസ്ഥയായാണ് അവർ മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വെങ്കിട്ടരാമന്റെ സംരക്ഷണയില്‍ മകന്‍ സുരക്ഷിതനാവില്ല എന്നായിരുന്നു സുചനയുടെ ചിന്ത. കൊലപാതകത്തിനു ശേഷം അവർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ചടങ്ങുകൾക്കായി പിതാവ് ഇന്തോനേഷ്യയിൽനിന്ന് കർണാടകയിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം രാജാജി നഗർ അപാർട്മെന്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുട്ടിയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം ഗോവ പൊലീസ് വെങ്കിട്ടരാമനെ ചോദ്യം ചെയ്യും.അതിനിടെ, മകനെ കൊലപ്പെടുത്താൻ സുചന വ്യക്തമായി പദ്ധതിയിട്ടതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗോവയിൽ ലെ അപാർട്മെന്റിൽ നിന്ന് കഫ് സിറപ്പിന്റെ ഒഴിഞ്ഞ രണ്ട് കുപ്പികൾ പൊലീസ് കണ്ടെടുത്തു. കുപ്പികളിൽ ഒരെണ്ണം വലുതാണ്. കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിക്ക് അമിതഡോസിൽ കഫ്സിറപ്പ് നൽകിയിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് ചുമയുള്ളതിനാൽ ഒരു ബോട്ടിൽ കഫ് സിറപ്പ് വാങ്ങിനൽകാൻ യുവതി ആവശ്യപ്പെട്ടതായി അപാർട്മെന്റ് ജീവനക്കാരൻ മൊഴി നൽകിയിട്ടുമുണ്ട്.
2010 ലാണ് പശ്ചിമബംഗാള്‍ സ്വദേശിയും ബംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സി.ഇ.ഒ.യുമായ സുചന സേത്തും ഇന്തൊനേഷ്യയില്‍ ഐ.ടി. സംരംഭകനായ വെങ്കിട്ടരാമനും വിവാഹിതരായത്. 2019ല്‍ മകന്‍ ജനിച്ചു. ഇതിനിടയിൽ തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. സാമ്പത്തികബാധ്യതകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ബന്ധം പിരിയുന്നതിലേക്ക് എത്തിയത്. 2022ൽ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. മകന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി. സുചനയ്‌ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്കൊപ്പം ഗോവ ബാലവകാശനിയമപ്രകാരവും കേസെടുക്കും.