തിരുവനന്തപുരം:സി.പി.എം ഭരണകൂടം കള്ളക്കേസിൽ കുടുക്കി ക്രൂരമായി വേട്ടയാടിയാൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഭാവിയിൽ കേരള മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. മുപ്പത്തിയഞ്ചു വർഷം മുമ്പ് ബംഗാളിൽ സി.പി.എം ഭരണത്തിൽ നിഷ്ഠൂരമായ പൊലീസ് വേട്ടയ്ക്കും ഗുണ്ടാ ആക്രമണത്തിനും ഇരയായ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് മമതാ ബാനർജി പിന്നീട് ബംഗാൾ മുഖ്യമന്ത്രിയായത് ചരിത്രത്തിന്റെ തിരിച്ചടിയായിരുന്നു.1967 ൽ സി.പി.എം ഭരണകാലത്ത് പൊലീസിന്‍റേയും എതിരാളികളുടെയും ആക്രമണത്തിന് വിധേയരായ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എ.കെ.ആന്‍റണിയും കെ.എസ്.യു പ്രസിഡണ്ട് ഉമ്മൻ ചാണ്ടിയും കേരള മുഖ്യമന്ത്രിമാരായി. സി.പി.എം കിരാത വാഴ്ചയാണ് കോൺഗ്രസിൽ ഒരു യുവജന മുന്നേറ്റത്തിന് അന്ന് വഴിയൊരുക്കിയത്. ചുവപ്പു ബംഗാൾ ആവർത്തിക്കുമെന്ന് പണ്ട് മുദ്രാവാക്യം മുഴക്കിയിരുന്ന കേരളത്തിലെ സി പി.എമ്മുകാര്‍ ബംഗാളിലെ പോലെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്കാണ് നീങ്ങുന്നത്. കേരളത്തിൽ യൂത്ത് കോൺഗ്രസും കെ.എസ്.യുവും ഭരണകൂട ഭീകരതക്കെതിരെ പോരാടി കരുത്താർജ്ജിക്കുകയാണ്. അവരാണ് കോൺഗ്രസിന്റെ ഭാവിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.