ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 സജീവമാകുന്ന സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്. ഒമിക്രോണ്‍ എന്ന വകഭേദത്തില്‍ നിന്ന് ജനിതകമാറ്റം സംഭവിച്ചെത്തിയ ജെഎൻ 1 വൈറസ് ആണ് ഇപ്പോള്‍ ഏറെയും കൊവിഡ് കേസുകളുണ്ടാക്കുന്നത്. വൈറസ് വകഭേദം ഏതായാലും കൊവിഡിന്‍റെ ലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും കാണുന്നില്ല. എന്നാല്‍ ഇതിനിടെ സീസണലായി വരുന്ന ചുമ, ജലദോഷം , പകര്‍ച്ചപ്പനി പോലുള്ള പ്രശ്നങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമാകും.
കൊവിഡ് ആണെങ്കില്‍ ഇത് പടര്‍ന്നുപിടിക്കുന്നത് തീര്‍ച്ചയായും പ്രയാസകരമായ അവസ്ഥ തന്നെയാണ് സൃഷ്ടിക്കുക. അതിനാല്‍ കൊവിഡ് പടരാതിരിക്കാൻ നാം ഏറെ ശ്രദ്ധിക്കണം. ഇതിന് കൊവിഡ് ബാധിച്ചാല്‍ അത് തിരിച്ചറിയണം. എങ്കിലേ മറ്റുള്ളവരിലേക്ക് കൂടി ഇതെത്താതിരിക്കാൻ ജാഗ്രത പാലിക്കാൻ സാധിക്കൂ. പക്ഷേ കൊവിഡും പകര്‍ച്ചപ്പനിയും സാധാരണ ജലദോഷവുമൊന്നും വേര്‍തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് അധികപേരും ഇപ്പോള്‍ തുടരുന്നത്. ലക്ഷണങ്ങളില്‍ തന്നെയുള്ള നേരിയ വ്യത്യാസങ്ങള്‍ വച്ച് ഇവയെ എല്ലാം മനസിലാക്കാൻ നമുക്ക് ശ്രമിക്കാം. സംശയമുള്ളവര്‍ക്ക് കൊവിഡ് പരിശോധനയും നടത്താമല്ലോ.
കൊവിഡ് ലക്ഷണങ്ങള്‍…
ചുമ, പനി, ശ്വാസതടസം എന്നിവയാണ് കൊവിഡിന് ഇപ്പോള്‍ ലക്ഷണങ്ങളായി വരുന്നത്. ഇതെല്ലാം പകര്‍ച്ചപ്പനിയിലും സാധാരണ ജലദോഷത്തിലും കാണുന്ന അതേ ലക്ഷണങ്ങളായതിനാല്‍ തന്നെ ആശയക്കുഴപ്പം തോന്നാം. അതിയായ തളര്‍ച്ച, ശരീരവേദന, തലവേദന, രുചിയോ ഗന്ധമോ നഷ്ടപ്പെടുന്ന അവസ്ഥ, ഓക്കാനം, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കൊവിഡില്‍ കാണാം. എല്ലാ ലക്ഷണങ്ങളും എസല്ലാ രോഗികളിലും ഒരുപോലെ കാണില്ല എന്നതിനാല്‍ ലക്ഷണങ്ങളില്‍ സംശയം തോന്നുന്നപക്ഷം കൊവിഡ് പരിശോധന നടത്തുന്നതാണ് ഉചിതം.
സാധാരണ ജലദോഷം…
മൂക്കൊലിപ്പോ മൂക്കടപ്പോ, തുമ്മല്‍, ചുമ, തൊണ്ടവേദന എന്നിവയാണ് സാധാരണഗതിയില്‍ പിടിപെടുന്ന ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍. ചെറിയ കുട്ടികളിലാണെങ്കില്‍ ജലദോഷത്തിനൊപ്പം പനിയും കാണാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരില്‍ ജലദോഷം വരുമ്പോള്‍ അകമ്പടിയായി പനി കാണാറില്ല. പരമാവധി ക്ഷീണം, തലവേദന പോലുള്ള പ്രയാസങ്ങള്‍ കാണുകയും ചെയ്യാം. ഇതില്‍ക്കൂടുതലൊന്നും സാധാരണ ജലദോഷത്തില്‍ കാണില്ല.
പകര്‍ച്ചപ്പനി…
പകര്‍ച്ചപ്പനിയാണെങ്കില്‍ കൊവിഡുമായി മാറിപ്പോകാൻ സാധ്യതകളേറെയാണ്. കാരണം പനി, തളര്‍ച്ച, ചുമ എന്നിങ്ങനെയുള്ള കൊവിഡ് ലക്ഷണങ്ങളെല്ലാം അതുപോലെ തന്നെ പകര്‍ച്ചപ്പനിയിലും കാണാം. അതുപോലെ വയറിന് പ്രശ്നം പറ്റുന്നതും, ശ്വാസതടസവുമെല്ലാം പകര്‍ച്ചപ്പനിയിലും കാണാവുന്ന ലക്ഷണങ്ങളാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം കൊവിഡ് പരിശോധന നടത്തി ഫലം ഉറപ്പിക്കുന്നതാണ് ഉചിതം. നല്ല തോതിലുള്ള പനി കാണുമെന്നതാണ് പകര്‍ച്ചപ്പനിയുടെ ഒരു സവിശേഷത. കൊവിഡില്‍ പക്ഷേ അത്ര തീവ്രമായ പനി കാണുന്നത് സാധാരണമല്ല. പനിയും വല്ലാത്ത കുളിരും പകര്‍ച്ചപ്പനിയെ വേര്‍തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളാണ്. എങ്കിലും സംശയം തോന്നുന്നപക്ഷം കൊവിഡ് പരിശോധന നടത്തുന്നതാണ് നല്ലത്.
പ്രത്യേകിച്ച് വീട്ടില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ബിപിയുള്ളവര്‍, പ്രമേഹമുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍ എല്ലാം ഉണ്ടെങ്കില്‍ കൊവിഡ് സംശയത്തില്‍ അവര്‍ക്ക് അരികിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.