ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ദർഗകളിലും പള്ളികളിലും ദീപങ്ങൾ തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200 ദർഗകളിലും പള്ളികളിലും മൺവിളക്കുകൾ കത്തിക്കുമെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗമായ മൈനോരിറ്റി മോർച്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ദീപോത്സവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജനുവരി 12 മുതൽ 22 വരെയാണ് സംഘടിപ്പിക്കുന്നത്.
‘ഡൽഹിയിൽ മാത്രം 36 കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ചെറുതും വലുതുമായ പള്ളികൾ, ദർഗകൾ, മറ്റ് മുസ്‌ലിം ആരാധനാ കേന്ദ്രങ്ങൾ അടക്കം 1200 സ്ഥലങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ ദീപം തെളിയിക്കും. ഇതിൽ ഡൽഹി ജമാ മസ്ജിദും നിസാമുദ്ദീൻ ദർഗയും ഉൾപ്പെടും’- ബിജെപി മൈനോരിറ്റി മോർച്ചാ കൺവീനർ യാസർ ജീലാനി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കണമെന്ന് ഡിസംബർ 30ന് അയോധ്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 14 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള തീർഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങൾ ആരംഭിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.