അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. ചടങ്ങിൽ നിന്നും വിട്ടു ഉള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്നും തന്നെ എതിർപ്പുകൾ ഉയരുകയാണ്. ഹിമാചൽ പ്രദേശ് രാജസ്ഥാൻ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് ഈ തീരുമാനത്തിൽ അതൃപ്തി ഉണ്ട്.
ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നത് പുത്ര ധർമ്മമെന്നാണ് വിക്രമാദിത്യ സിംഗ് പറഞ്ഞത്. രാമക്ഷേത്രത്തിന് വേണ്ടി പ്രവർത്തിച്ച വീരഭദ്ര സിംഗിന്റെ മകൻ എന്ന നിലയിൽ, ചടങ്ങിൽ പങ്കെടുക്കേണ്ടത് തന്റെ ധർമ്മമാണെന്നാണ് വിക്രമാദിത്യ സിംഗിന്റെ നിലപാട്.
അയോധ്യയിലേക്ക് പ്രത്യേക തീർത്ഥാടന പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഛത്തീസ്ഗഡും. രാംലല ദർശൻ സ്‌കീം എന്ന പേരിൽ അയോധ്യ തീർത്ഥാടനത്തിനുള്ള പദ്ധതി ഛത്തീസ്ഗഡ് സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 25000 തീർത്ഥാടകർക്ക് അയോധ്യ സന്ദർശിക്കാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി.
അതിനിടെ അയോധ്യ വിഷയത്തിൽ ബിജെപിയെ രൂക്ഷായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ രംഗത്ത് വന്നു. ശ്രീരാമനെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം അനുവദിയ്ക്കാനാകില്ല.അയോധ്യ വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം തന്നെയാണ് കർണാടകയിലെ കോൺഗ്രസിന്റെതും. കോൺഗ്രസ് ശ്രീരാമന് എതിരല്ലെന്നും കർണാടകയിലെ ഗ്രാമങ്ങളിൽ രാമക്ഷേത്രം നിർമിച്ചത് കോൺഗ്രസാണെന്നും വിശ്വാസത്തിൽ രാഷ്ട്രീയം കളിക്കാൻ ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം ത്രേതാ യുഗത്തിലെ രാവണന്റെ മനോഭാവമാണ് കോൺഗ്രസിനെന്നും കോണ്ഗ്രസ് ഹിന്ദുത്വ വിരുദ്ധരെന്നും ബിജെപി പ്രതികരിച്ചു. ചടങ്ങിൽ മുതിർന്ന നേതാവ് എൽ കെ അദ്വാനി പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ അറിയിച്ചു. ആരോഗ്യകാരണങ്ങളാൽ അദ്വാനി ചടങ്ങിൽ നിന്നും വിട്ടുനിൽക്കും എന്നായിരുന്നു നേരത്തെ സംഘാടകർ നേരത്തെ അറിയിച്ചത്.












