കണ്ണൂർ: അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള കോൺഗ്രസ് നിലപാടിൽ ആശ്വാസമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ വിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ പ്രധാനമാണ്. രാമക്ഷേത്രത്തെ മുസ്‍ലിംകൾ അംഗീകരിക്കുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തിലാണിത് വരുന്നത്. പക്ഷേ, രാമക്ഷേത്രം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സമസ്തക്ക് ലീഗിനെയും ലീഗിന് സമസ്തയെയും വേണം. ഇതിൽ വിട്ടുവീഴ്ചയില്ലെന്നും ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് രണ്ടിലധികം സീറ്റിന് അർഹതയുണ്ടെന്നും യു.ഡി.എഫിൽ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.