ഗയാഖിൽ: ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ സൈന്യത്തെ ഇറക്കി ഇക്വഡോര്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് , 300ലധികം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേര്‍ മരിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പോര് ഈ ദക്ഷിണാഫ്രിക്കന്‍ രാജ്യത്തെ അക്ഷരാർത്ഥത്തിൽ യുദ്ധ സമാനമായ സാഹചര്യത്തിലാണ് എത്തിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ തെരുവുകൾ ഒഴിഞ്ഞു.
മൂന്ന് മില്യണ്‍ ആളുകൾ താമസിക്കുന്ന ഇക്വഡോറിലെ പ്രമുഖ തുറമുഖ നഗരമായ ഗയാഖില്ലിൽ വ്യാഴാഴ്ച ആളുകൾ പുറത്തേക്ക് എത്തിയത് കൂടിയില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാറുകളിൽ ബോംബ് സ്ഫോടനവും പെട്രോൾ ബോംബുകളും വെടിവയ്പുകളും സജീവമായ നഗരമാണ് വ്യാഴാഴ്ച നിശ്ചലമായത്. സ്കൂളുകളും സർവ്വകലാശാലകളും സർക്കാർ ഓഫീസുകളും പ്രവർത്തനം റദ്ദാക്കി. സാധാരണ നിലയിൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന മേഖലകൾ എല്ലാം തന്നെ ആളും വാഹനങ്ങളും ഒഴിഞ്ഞ നിലയിലാണ് ഉള്ളത്. ചൊവ്വാഴ്ച തോക്ക് ധാരികൾ ലൈവ് പോകുന്നതിനിടെ ബന്ധിയാക്കിയ മാധ്യമ പ്രവർത്തകന്‍ ഗയാഖില്ലിന്‍റെ നിലവിലെ അവസ്ഥയെ മരുഭൂമിയെന്നാണ് വിശേഷിപ്പിച്ചത്.
പ്രസിഡണ്ട് ഡാനിയൽ നോബോവയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. നോബോവ അധികാരത്തിലേറിയിട്ട് വെറും രണ്ട് മാസമേ ആയിട്ടുള്ളൂ. വിവിധ അക്രമങ്ങളും മറ്റും കൊണ്ട് സംഘർഷഭരിതമായ ഒരു പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതും നോബോവ വിജയിച്ചതും. മറ്റൊരു സ്ഥാനാർത്ഥിയായ ഫെർണാണ്ടോ വില്ലാവിസെൻസിയോ ആ സമയത്ത് കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ പ്രകാരം ആളുകൾക്ക് കൂട്ടം കൂടി നിൽക്കാൻ സാധിക്കില്ല. അതുപോലെ രാത്രികാല കർഫ്യൂവും ഉണ്ട്.