തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പേരിൽ 46 വയസുകാരനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയൻവിള ലക്ഷംവീട്ടിൽ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടിൽ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയ് എസ്, എസ്.ഐ മാരായ സുരേഷ് കുമാർ, അനിൽകുമാർ, മുനീർ, സി.പി.ഒമാരായ ശ്യം കൃഷ്ണൻ, സെൽവദാസ്, ഗിരി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയൽക്കര വീട്ടിൽ സുരേഷ് എന്ന 46 വയസുകാരനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയ്യതി പൂങ്കുളത്തെ ടർഫിനടുത്ത് വച്ചാണ് പ്രതികൾ സുരേഷിനെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്. കേസിൽ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.