ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് പോക്സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമാണെന്ന് വിശദമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്. 2 അശ്ലീല വിഡിയോകൾ മൊബൈലിൽ കണ്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
പോക്സോ വകുപ്പിലെ സെക്ഷന്‍ 14(1) പ്രകാരം കുറ്റകരമാകണമെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടി അല്ലെങ്കിൽ കുട്ടികളെ അശ്ലീല ചിത്ര നിർമ്മാണത്തിന് ഉപയോഗിക്കണം. നിലവിലെ കേസിൽ കുറ്റാരോപിതനായ ആൾ ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ മാത്രമാണ് കുറ്റകരമാവുക എന്നാണ് ഇതിനർത്ഥം. കുട്ടികളെ ഉപയോഗിച്ചുകൊണ്ടുളള അശ്ലീല ദൃശ്യം കണ്ടുവെന്ന ആരോപണം ഈ വകുപ്പിന് കീഴിൽ കുറ്റകൃത്യമല്ല. അത് ഇത്തരം ദൃശ്യങ്ങൾ കാണുന്നവരുടെ ധാർമ്മിക ശോഷണത്തിനുള്ള തെളിവായാണ് കാണാനാവുകയെന്നും കോടതി വ്യക്തമാക്കി.
അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന് ലഭിച്ച ഒരു കത്തിനെ ആസ്പദമാക്കിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്ത് കാണുന്നുവെന്നായിരുന്നു യുവാവിനെതിരായ ആരോപണം. കേസ് അന്വേഷണത്തിനിടെ പൊലീസ് യുവാവിന്റെ മൊബൈൽ ഫോണ്‍ ഫൊറന്‍സിക് അനാലിസിസിന് വിധേയമാക്കിയിരുന്നു. ഇതിൽ യുവാവിന്റെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള രണ്ട് ഫയലുകൾ കണ്ടെത്തിയിരുന്നു. കൌമാരക്കാരായ രണ്ട് ആണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് ഫോണിൽ നിന്ന് കണ്ടെത്തിയത്.
ഐടി ആക്ടിലെ സെക്ഷന്‍ 67 ബി അനുസരിച്ചും പോക്സോ കേസ് അനുസരിച്ചുമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐട് ആക്ട് അനുസരിച്ച് കുറ്റാരോപിതനായിരിക്കണം ഇത്തരം ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും കുട്ടികളെ ദുരുപയോഗിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത്. ഈ വകുപ്പ് അനുസരിച്ചും യുവാവ് കുറ്റക്കാരനല്ലെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി സമാനമായ ഒരു കേസിൽ നടത്തിയ ഉത്തരവും കേസിൽ യുവാവിനെ വെറുതെ വിടാന്‍ തീരുമാനിക്കാന്‍ മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. പരാതിക്കാരനായ യുവാവിന് വേണ്ടി ജെ എന്‍ നരേഷ് കുമാറാണ് ഹാജരായത്.