തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആറ്റിങ്ങൽ മണ്ഡലത്തിലാണ് മത്സരിക്കാൻ താത്പര്യമെന്ന് വി മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കി. പാർട്ടി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം തൃശൂർ സീറ്റിലെ വിജയം ഉറപ്പാക്കും. ആ വിജയം ഉറപ്പാക്കാനാണ് മോദിയുടെ വരവ്. കേരളത്തില്‍ ബിജെപിക്ക് ഇത്തവണ എംപിയുണ്ടാകുമെന്നും കേന്ദ്രസഹമന്ത്രി പ്രതികരിച്ചു.
അതേസമയം എംടി വാസുദേവൻനായരുടെ രാഷ്ട്രീയ വിമർശനത്തെ കുറിച്ചും മുരളീധരൻ മറുപടി നൽകി. എംടി വിമർശിച്ചത് പിണറായിയെത്തന്നെയാണ്. ഇഎംഎസുമായി മോദിയെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിലെ സാഹചര്യങ്ങളാണ് എംടി ചൂണ്ടിക്കാട്ടിയത്. ഇതിന് തെളിവാണ് ഇഎംഎസിനെ പരമാർശിച്ചത്. നരേന്ദ്രമോദിക്ക് വേണ്ടി ബിജെപി വ്യക്തി പൂജ നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയെയും പിണറായി വിജയനേയും ഒരുവിധത്തിലും താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതാക്കൾ പിണറായിയെ പരിഹസിക്കുകയാണ്. മുഖ്യമന്ത്രി സൂര്യാനാണെന്ന് പറയുന്നത് കളിയാക്കലാണ്, മുഖ്യമന്ത്രിയെ ട്രോളുകയാണ് അവർ ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിന് സില്‍വർ ലൈനില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പദ്ധതി വരുമെന്ന് മന്ത്രി എംബി രാജേഷ് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിമർശിച്ചു. കേരളത്തില്‍ സില്‍വർ ലൈന്‍ പദ്ധതി നടപ്പാകില്ല. ഇക്കാര്യം റെയില്‍വേ മന്ത്രി തന്നെ അറിയിച്ചതാണ്. ജനനങ്ങളെ കുടിയൊഴിപ്പിച്ച് ഇങ്ങനെ ഒരു പദ്ധതിയുടെ ആവശ്യം കേരളത്തിനില്ലെന്ന് മുരളീധരൻ പറഞ്ഞു.
അയോധ്യ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് പ്രതികരിച്ച മുരളീധരൻ, രാമക്ഷേത്ര ഉദ്ഘാടനം തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ആയുധമല്ലെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് ദേശീയ നേതൃത്വം പരാജയമാണ്. ലീഗിനെയും സമസ്തയെയും പീഡിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ സവാദിനെ ഒളിപ്പിച്ചത്, സിപിഐഎം ആണെന്ന ഗുരുതര ആരോപണവും വി മുരളീധരൻ ഉന്നയിച്ചു. പാർട്ടിയുടെ അറിവോടെയാണ് പ്രതിയെ ഒളിപ്പിച്ചത്. എസ്ഡിപിഐയും പിഎഫ്ഐയുമായി സിപിഐഎമ്മിന് രഹസ്യ ബന്ധമുണ്ട്. സവാദിനെ കുറിച്ച് പാർട്ടിക്ക് അറിവില്ലെന്നത് അവിശ്വസനീയമാണെന്നുംവി മുരളീധരന്‍ വ്യക്തമാക്കി. ഡോ. ശശി തരൂരിനെ പ്രശംസിച്ച മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ തള്ളിയ കേന്ദ്രസഹമന്ത്രി രാജഗോപാലിന്റേത് ഭംഗി വാക്ക് മാത്രമാണെന്നും തരൂർ വിജയിക്കുന്നത് സിപിഐഎം വോട്ടിന്റെ ബലത്തിലാണെന്നും ആരോപിച്ചു.