മകരജ്യോതി കാണാനുള്ള കാത്തിരിപ്പിലാണ് ശബരിമല തീർഥാടകർ. പാണ്ടിത്താവളത്തും പരിസരങ്ങളിലും പർണശാലകൾ ഉയർന്നു. അയ്യപ്പ ഭജനങ്ങളാൽ മുഖരിതമാണ് അന്തരീക്ഷം. പൊന്നമ്പലമേട്ടിൽ മകരജ്യോതി ദ൪ശന പുണ്യത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പിഴവില്ലാത്ത ഏകോപനവുമായി ഭക്തലക്ഷങ്ങൾക്ക് സുഖദ൪ശനമൊരുക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. ജ്യോതി ദ൪ശനത്തിനായി എത്തുന്ന ഭക്ത൪ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുന്നതിനുളള പ്രവ൪ത്തനങ്ങളാണ് പൂ൪ത്തിയാക്കുന്നത്. മകരജ്യോതി ദ൪ശനത്തിനായി പത്ത് വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ട൪ ടാങ്കിന് മു൯വശം, മരാമത്ത് കോംപ്ലക്സിന് മു൯വശത്തെ തട്ടുകൾ, ബി എസ് എ൯ എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മു൯വശം, ഇ൯സിനറേറ്ററിനു മു൯വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ. ഇവിടങ്ങളിൽ തമ്പടിക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും പൂ൪ത്തിയാക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ ആവശ്യമായ പ്രകാശ ക്രമീകരണം ഏ൪പ്പെടുത്തും. ജനുവരി 14, 15 തീയതികളിൽ ഭക്ത൪ക്കായി സൗജന്യഭക്ഷണ വിതരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന അന്നദാനത്തിനു പുറമേയാണിത്. ചുക്ക് വെള്ള വിതരണത്തിനായി 66 പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭക്ത൪ക്ക് വിതരണം ചെയ്യുന്നതിനുള്ള ബിസ്കറ്റ് പാക്കറ്റുകളും ശേഖരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.