പശ്ചിമ ബംഗാളിൽ സന്യാസിമാർക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് സന്യാസിമാർക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ പുരുലിയ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ചായിരുന്നു ജനക്കൂട്ടം സന്യാസിമാരെ മർദിച്ചത്. കരസംക്രാന്തി ഉത്സവത്തിന് ഗംഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാർ, വഴി ചോദിക്കുന്നതിനായി ഒരു കൂട്ടം യുവതികളെ സമീപിച്ചിരുന്നു.
വഴി ചോദിക്കുന്നതിനിടയിൽ സന്യാസിമാരെ കണ്ട് യുവതികൾ ഭയന്നോടി. ഇത് നാട്ടുകാരിൽ സംശയം തോന്നിപ്പിച്ചു. തുടർന്ന് ഒരു കൂട്ടം ആളുകൾ സന്യാസിമാരെ മർദിക്കുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ചയിരുന്നു മർദനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തിയ ശേഷം കാസിപൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തെറ്റിദ്ധാരണയാണ് ആക്രമണ കാരണം, വിഷയത്തെ സാമുദായിക പ്രശ്നമായി ചിത്രീകരിക്കരുതെന്നും പൊലീസ്.