പ്രതിവർഷം 7,00,000-ത്തിലധികം ആളുകൾ ലോകമെമ്പാടുമായി ആത്മഹത്യ ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകള്‍ പറയുന്നു. 2019-ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 15-നും 29-നും ഇടയിൽ പ്രായമുള്ളവരുടെ മരണകാരണങ്ങളിൽ നാലാമത്തെ ഏറ്റവും സാധാരണമായ കാരണമാണ് ആത്മഹത്യ. വാസ്തവത്തിൽ, ലോകമെമ്പാടുമുള്ള ആത്മഹത്യകളിൽ 77 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഇത്തരം വിഷയങ്ങൾ വളരെ ഗൗരവകരമായി കൈകാര്യം ചെയ്യപ്പെടേണ്ടതാണ്.
അടുത്തിടെ ഒരു ഒരു എക്സ് (ട്വിറ്റർ) ഉപയോക്താവ് താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുംബൈ പോലീസ് അയാളെ രക്ഷിക്കാനായി തുനിഞ്ഞിറങ്ങി. ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം പോലീസ് സംഭവസ്ഥലത്തെത്തി. എന്നാൽ, അവിടെ നടന്നതെന്താണെന്ന് അറിഞ്ഞ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി പ്രതികരിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. കാരണം അതൊരു വ്യാജ ആത്മഹത്യാ കുറിപ്പായിരുന്നു.
“ഗുഡ്‌ബൈ 2007-2024” എന്ന് എഴുതിയ നിഗൂഢമായ കുറിപ്പിനൊപ്പം ഉപയോക്താവ് X-ൽ ഒരു തൂക്കു കയറിന്‍റെ ചിത്രവും പങ്കുവച്ചു. സാമൂഹിക മാധ്യമത്തില്‍ ഈ കുറിപ്പും ചിത്രവും വലിയ ആശങ്കയുണ്ടാക്കി. കുറിപ്പ് മുംബൈ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് ദയവായി കോൺടാക്റ്റ് വിശദാംശങ്ങൾ ഡിഎമ്മിൽ പങ്കിടുക’ എന്ന് കമന്‍റിട്ടു. നീണ്ട നേരത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസ് അയാളെ കണ്ടെത്തുകയും ചെയ്തു. പക്ഷേ അപ്പോഴാണ് താൻ തമാശയ്ക്കാണ് ഇങ്ങനെ ചെയ്തതെന്ന് അയാൾ പൊലീസിനോട് സമ്മതിച്ചത്. സംഭവം പുറത്ത് വന്നതോടെ ഇയാൾക്കെതിരെ രൂക്ഷ വിമർശനം ആണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ആത്മഹത്യ പോലുള്ള വിഷയങ്ങളെക്കുറിച്ചും സമാനമായ മറ്റ് വിഷയങ്ങളെക്കുറിച്ചും തമാശകൾ പറയുന്നത് അഭികാമ്യമല്ലന്നും ഇതിനെതിരെ കർശന നടപടി സ്വീകരക്കണമെന്നുമാണ് ഭൂരിഭാഗം നെറ്റിസൺസും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായപ്പെടുന്നത്. പോലീസ് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളെ പിന്തുടരുകയാണ് എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. വയലേഷനാണെന്ന് കണ്ടെത്തിയ യുവാവിന്‍റെ പോസ്റ്റ് എക്സ് പിന്‍വലിച്ചെങ്കിലും പോസ്റ്റിന് മുംബൈ പോലീസ് എഴുതിയ മറുപടിയും അതിന് താഴെ എക്സ് ഉപയോക്താക്കള്‍ എഴുതിയ കുറിപ്പുകളും ഇപ്പോഴും ലഭ്യമാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ ഹെൽപ്പ് ലൈനുകളിലേതെങ്കിലും വിളിക്കുക: ആന്ധ്ര (മുംബൈ) 022-27546669, സ്‌നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡൽഹി) 011-23389090, (ജംഷഡ്‌പൂർ) 065-76453841, പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്‌നി (ഹൈദരാബാദ്) 040-66202000, ലൈഫ്‌ലൈൻ 0333-646432