തിരുവനന്തപുരം > കേരള സർവകലാശാല ബിരുദ പരീക്ഷകളിൽ ഉന്നതവിജയങ്ങൾ കരസ്ഥമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് – നിഷിലെ വിദ്യാർഥികൾ. കേരളത്തിന്റെ അഭിമാന സ്ഥാപനമായ നിഷ് വീണ്ടും നേട്ടങ്ങളുടെ പട്ടികയിൽ തലയെടുപ്പോടുകൂടി നിൽക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.ശ്രവണ പരിമിതരായ വിദ്യാർത്ഥികൾക്കായുള്ള കേരള സർവകലാശാലയുടെ ബികോം, ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്സുകളുടെ അവസാന വർഷ പരീക്ഷയിലാണ് തിളക്കമാർന്ന നേട്ടം. നിഷിലെ വിദ്യാർത്ഥികളായ നമിഷ്‌നാ ലക്ഷ്‌മണൻ, സൽമാൻ ഫാരിസ്, അഭിനവ്, പുനിയത് ത്രിപാഠി, നബിൽ എന്നിവരാണ് റാങ്ക് നേടിയത്. ബികോം പരീക്ഷയിൽ നമിഷ്‌നാ ലക്ഷ്‌മണൻ 3600 ൽ 3065 മാർക്കോടെ ഒന്നാം റാങ്ക് നേടിയപ്പോൾ സൽമാൻ ഫാരിസിന് 2968 മാർക്കും രണ്ടാം റാങ്കും നേടി. മൂന്നാം റാങ്ക് നേടിയ അഭിനവിന് 2069 മാർക്കുണ്ട്.ബി എസ് സി കംപ്യൂട്ടർ സയൻസ് പരീക്ഷയിലാണ് പുനിയത് ത്രിപാഠി ഒന്നാം റാങ്കും നബീൽ ടി പി മൂന്നാം റാങ്കും കരസ്ഥമാക്കി.
നിഷിലെ അധ്യാപകരുടെ അർപ്പണബോധത്തിന്റെയും അദ്ധ്യാപനമികവിന്റെയും സ്ഥാപനത്തിന്റെ വിവിധമേന്മകളുടെ സമഗ്രതയുടേയും തെളിവുകൂടിയാണ് വിദ്യാർത്ഥികൾ തുടർച്ചയായി നേടുന്ന ഈ ഉന്നതവിജയങ്ങളെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, പുനരധിവാസം എന്നീ മേഖലകളിൽ മികവോടെ പ്രവർത്തിക്കുന്ന നിഷിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ബിരുദ കോഴ്‌സുകൾ പഠിക്കാൻ വിദ്യാർത്ഥികൾ എത്തിച്ചേരുന്നുണ്ട്. പഠനവിഷയങ്ങൾക്കുപരിയായി കുട്ടികളുടെ സർവ്വതോന്മുഖമായ വികസനവും നിഷ് വിവിധ കോഴ്‌സുകളിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. സമൂഹത്തോട് ഇഴുകിച്ചേർന്ന് ആത്മവിശ്വാസത്തോടെ ജീവിക്കാനും ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാനും നിഷിലെ ഉന്നതവിദ്യാഭ്യാസം അവർക്ക് പ്രചോദനമേകട്ടെയെന്നും വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികൾക്കും എല്ലാ പിന്തുണയോടും കൂടി ഒപ്പംനിന്നവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.