ഏറ്റവുമധികം പോഷകപ്രദമായൊരു വിഭവമാണ് മുട്ട. എന്നാലീ പോഷകങ്ങളൊന്നുമല്ല മുട്ടയെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. ഒന്നാമതായി കഴിക്കാനുള്ള രുചി. രണ്ട് ഇതിന്‍റെ വില. ഏറ്റവും ‘ചീപ്പ്’ ആയി കിട്ടുന്ന ഏറ്റവും ‘ഹെല്‍ത്തി’യായ വിഭവമെന്നാണ് മുട്ട അറിയപ്പെടുന്നത്. മൂന്നാമതായി മുട്ട പാകപ്പെടുത്തിയെടുക്കാനും വളരെ എളുപ്പമാണ്. ഓംലെറ്റോ, ബുള്‍സൈ ആയോ, തോരനായോ, കറിയായോ, പുഴുങ്ങിയോ എല്ലാം മുട്ട തയ്യാറാക്കി കഴിക്കാവുന്നതാണ്. സാധാരണഗതിയില്‍ നമ്മള്‍ മുട്ട കഴിക്കുമ്പോള്‍ അത് ഏത് രീതിയില്‍ തയ്യാറാക്കിയതാണെങ്കിലും അതിന്‍റെ മഞ്ഞയും വെള്ളയുമെല്ലാം ഒരുപോലെ കഴിക്കാറുണ്ട്.
എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവര്‍ പലപ്പോഴും മുട്ട കഴിക്കുമ്പോള്‍ അതിന്‍റെ മഞ്ഞ കഴിക്കാതെ മാറ്റിവയ്ക്കാറാണ് പതിവ്. മുട്ടയുടെ മഞ്ഞ കഴിക്കുന്നത് വണ്ണം കൂട്ടും, കൊളസ്ട്രോള്‍ കൂട്ടും, ഹൃദയത്തിന് ദോഷമാണ് എന്നതെല്ലാമാണ് ഇതിന് പറയുന്ന കാരണങ്ങള്‍. സത്യത്തില്‍ ഇങ്ങനെ മുട്ട കഴിക്കുമ്പോള്‍ അതിന്‍റെ മഞ്ഞ കഴിക്കാതെ മാറ്റിവയ്ക്കേണ്ടതുണ്ടോ? അത് ആരോഗ്യത്തിന് എന്തെങ്കിലും ഗുണം ചെയ്യുമോ? അല്ലെങ്കില്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാകുമോ?
ഇല്ല എന്നാണ് ഉത്തരം. അമിതവണ്ണമുള്ളവര്‍, കാര്യമായി കൊളസ്ട്രോളുള്ളവര്‍, ഒരു ദിവസത്തില്‍ തന്നെ ഒന്നിലധികം മുട്ട കഴിക്കുന്നവര്‍ എല്ലാം മുട്ടയുടെ മഞ്ഞ മാറ്റി കഴിക്കുന്നത് നല്ലതാണ്. കാരണം ഇവരിലെല്ലാം മുട്ടയുടെ മഞ്ഞ ഭാരമാകാൻ സാധ്യതയുണ്ട്. എന്നാല്‍ അതല്ലാത്ത ഏവര്‍ക്കും മുട്ടയുടെ മഞ്ഞ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ദോഷമാണെന്ന വാദം നല്‍ക്കുമ്പോള്‍ തന്നെ ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ചില പഠനങ്ങള്‍ അടിവരയിട്ട് പറയുന്നുമുണ്ട്.
മുട്ടയുടെ മഞ്ഞയില്‍ കാര്യമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ അടങ്ങിയതിനാല്‍ കൊളസ്ട്രോളുണ്ടാക്കും, ഹൃദയത്തിന് ദോഷമാണ് എന്നീ വാദങ്ങള്‍ക്കെല്ലാം എതിരായിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. മുട്ടയുടെ മഞ്ഞയില്‍ കാണുന്ന ‘കോളിൻ’ എന്ന പദാര്‍ത്ഥമാണെങ്കില്‍ തലച്ചോറിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്തും മുലയൂട്ടുന്ന കാലത്തുമെല്ലാം സ്ത്രീകള്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് കുഞ്ഞുങ്ങള്‍ക്കും മികച്ച സ്വാധീനമുണ്ടാക്കും.
ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ മുട്ടയുടെ മഞ്ഞ മാറ്റിവയ്ക്കേണ്ടതില്ല. അത്രമാത്രം വണ്ണമുള്ളവരും കൊളസ്ട്രോളുള്ളവരുമെല്ലാം മറ്റ് വിഭവങ്ങള്‍ കഴിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പോലെ തന്നെ മുട്ടയുടെ കാര്യത്തിലും ചെയ്താല്‍ മതി. മറ്റ് ഡയറ്റുകള്‍ പാലിക്കുന്നവര്‍ക്ക് മുട്ടയുടെ മഞ്ഞ ഇതുമായി യോജിച്ച് പോകുന്നതാണോ അല്ലയോ എന്ന് ഡയറ്റീഷ്യനോട് ചോദിച്ച് നിര്‍ദേശമെടുത്ത ശേഷം ഉപയോഗിക്കാം.