കോഴിക്കോട് : മലപ്പുറം നഗരസഭക്ക് ശുദ്ധ ജല വിതരണത്തിന് ധനകാര്യ കമീഷൻ ഗ്രാൻറ് 19.66 കോടി രൂപ ബാങ്കിൽ നിക്ഷേപമായി നിലനിർത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയിൽ കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റിൽ (നഗര സഞ്ചയം) ഉൾപ്പെടുത്തിയാണ് തുക നൽകിയത്. നഗര പ്രദേശത്ത് ശുദ്ധ ജല വിതരണം കാര്യക്ഷമമാക്കുന്നതിനാണ് 19.66 കോടി രൂപ അടങ്കൽ നിശ്ചയിച്ചത്.സംയോജിത അർബൻ വാട്ടർ സ്‌കിം മലപ്പുറം എന്ന പേരിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഇതിന്റെ നിർവഹണ ഉദ്യോഗസ്ഥൻ മുനിസിപ്പൽ എഞ്ചിനീയർ ആയിരുന്നു. 2021 ഫെബ്രുവരി എട്ടിന് ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ പദ്ധതിയുടെ സർവേ നടത്തി ഡി.പി.ആർ തയാറാക്കുന്നതിനായി ജല അതോറിറ്റിയെ ചുമതലപ്പെടുത്തി.
സർവേ നടത്തി ഡി.പി.ആർ തയാറാക്കുന്നതിനായി 17.40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. നഗരസഭ നൽകിയ 17.40 ലക്ഷം രൂപയിൽ നിന്നും ജല അതോറിറ്റി 6,93,370 രൂപ ചെലവഴിച്ച് പദ്ധതിയുടെ സർവേ പൂർത്തീകരിക്കുകയും, ഡി പി ആർ തയാറാക്കാതെ ബാക്കി തുകയായ 10,46,630 രൂപ നഗരസഭക്ക് തിരിച്ച് നൽകി. ഇതിനിടയിൽ ഈ പദ്ധതിയുടെ നിർവഹണത്തിനായുള്ള മൊത്തം അടങ്കൽ തുകയായ 19,66,72,814 രൂപയിൽ നിന്നും19,49,32,814 രൂപ ജലഅതോറിറ്റിക്ക് മലപ്പുറം നഗരസഭ 2021 ജനുവരി 23ന് കൈമാറി.എന്നാൽ, പദ്ധതിയുടെ രൂപരേഖ തയാറാക്കി അനുമതി വാങ്ങേണ്ടതുണ്ടെന്നും രൂപരേഖയും അനുമതിയും ഇല്ലാത്ത പദ്ധതികൾക്ക് വേണ്ടി നിക്ഷേപിച്ച തുക തിരിച്ച് നൽകുകയാണെന്നും നിർദേശിച്ച് ജല അതോറിറ്റി 2022 ഫെബ്രവരി 14ന് 19,49,32,814 രൂപ നഗരസഭക്ക് തിരികെ നൽകി.ഈ തുകയും 2022 ഏപ്രിൽ അഞ്ചിന് ലഭിച്ച 10,46,630 രൂപയും മലപ്പുറം മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയുടെ പേരിൽ നിക്ഷേപിച്ചു. 2022 ഡിസംബർ 25 വരെയുള്ള പലിശയും ചേർത്ത് ഈ ബാങ്ക് എക്കൌണ്ടിൽ 2023 മാർച്ച് 31ന് 20,29,31,333 രൂപ ബാക്കിയായി അവശേഷിക്കുന്നു.
ഈ പദ്ധതിയുടെ ഡി.പി.ആർ ജല അതോറിറ്റി തയാറാക്കുകയോ അനുമതി നൽകുകയോ ചെയ്‌തിട്ടില്ല. ഡി.പി.ആറും അനുമതിയും ഇല്ലാത്ത ഒരു പദ്ധതിക്ക് വേണ്ടി നഗരസഭ 19.49 കോടി രൂപ ട്രഷറിയിൽ നിന്നും പിൻവലിക്കുകയും ജല അതോറിറ്റിക്ക് നൽകുകയും ചെയ്‌തു. കേരളഫിനാൻഷ്യൽ കോഡ് പ്രകാരം, പൊതു ഖജനാവിൽ നിന്നുമുളള ചെലവുകൾ, അതാത് ആവശ്യങ്ങൾക്ക് വേണ്ടതിനേക്കാൾ കൂടുതൽ ആകാൻ പാടില്ല എന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഡി.പി.ആറും സാങ്കേതിക അനുമതിയും ഇല്ലാത്തതുകൊണ്ട് പദ്ധതിയുടെ അനുമാനിക്കപ്പെടുന്ന ചെലവുകൾ എത്രയാണെന്ന് പോലും നിശ്ചയമില്ലായിരുന്നു. എന്നിട്ടും 19.49 കോടി രൂപ നഗര സഭ, ജല അതോറിറ്റിക്ക് കൈമാറി. ഇത് കേരള ഫിനാൻഷ്യൽ കോഡിന്റെ ഗുരുതരമായ ലംഘനമാണ്.
2022 ഫെബ്രുവരി 14ന് ജല അതോറിറ്റി നഗരസഭക്ക് തിരിച്ച് നൽകിയ 19.49 കോടി രൂപയും 2022 ഏപ്രിൽ അഞ്ചിന് ലഭിച്ച ബാലൻസ് തുകയായ 10.46 ലക്ഷം രൂപയും ഇതുവരെ അതാത് ഹെഡ് ഓഫ് അക്കൗണ്ടിലൂടെ പൊതു ഖജനാവിലേക്ക് തിരിച്ച് അടച്ചിട്ടില്ല. ഈ രണ്ട് തുകയും നഗരസഭാ സെക്രട്ടറിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്തു.ഈ തുക മുനിസിപ്പാലിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച 2022 ഫെബ്രുവരി 18 മുതൽ 2022 ഡിസംബർ 25 വരെ 317 ദിവസത്തെ പലിശ ലഭിച്ചത് 69,51,889 രൂപയാണ്. അതായത് ദിവസം 21,930 രൂപ. അങ്ങനെയെങ്കിൽ ജല അതോറിറ്റിയിൽ വെറുതെ കിടന്ന സമയത്ത് (322 ദിവസം) ഈ രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ 70,61,460 രൂപ സർക്കാരിന് ലഭിക്കുമായിരുന്നു. സാധ്യതാ പഠനമോ, ഡി.പി.ആറോ പോലും തയാറാക്കാതെ വെറും പദ്ധതി എന്ന പേരിൽ സർക്കാരിൽ നിന്നും പണം ലഭ്യമാക്കി കാലാകാലങ്ങളായി നഗരസഭയുടെ കൈവശം സൂക്ഷിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.