ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് തുടക്കമായി. തൗബാൽ ജില്ലയിലെ മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഉച്ചക്ക് 12നാണ് ഫ്ലാഗ് ഓഫ് നടത്തി ഇന്ന് തന്നെ മണിപ്പൂരിലെ പര്യടനം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഏറെ വൈകിയാണ് രാഹുലും സംഘവും മണിപ്പൂരിലെത്തിയത്. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇംഫാലിലേക്കുള്ള കോൺഗ്രസ് നേതാക്കൾ യാത്ര ചെയ്യുന്ന പ്രത്യേക വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു.കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുക. ഉത്തർപ്രദേശില്‍ 11 ദിവസം രാഹുല്‍ യാത്ര നടത്തും. 66 ദിവസം കൊണ്ട് 6,713 കിലോമീറ്റർ നീളുന്നതാണ് യാത്ര. മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.