ദില്ലി: 19കാരിയായ ഗര്‍ഭിണിയെ ഷേവിംഗ് ബ്ലേഡും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ഥിയുമായ 20കാരന്‍ യോഗേഷിനെയാണ് പിടികൂടിയത്. വ്യാഴാഴ്ചയാണ് കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാറില്‍ 19കാരിയെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ 100ഓളം സിസി ടിവികള്‍ പരിശോധിച്ചും 50ഓളം പേരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് യോഗേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം ചെയ്യണമെന്ന് യോഗേഷ് നിര്‍ദേശിച്ചു. ഗര്‍ഭച്ഛിദ്ര ഗുളികകള്‍ കഴിക്കണമെന്ന യോഗേഷിന്റെ ആവശ്യം തള്ളിയ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് യോഗേഷ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ”അശോക് വിഹാറിലെ ഒരു ആയുര്‍വേദ ക്ലിനിക്കിലെ ജീവനക്കാരിയാണ് യുവതി. ബുധനാഴ്ച ക്ലിനിക്കില്‍ നിന്ന് യുവതിയെ യോഗേഷ് കൂട്ടിക്കൊണ്ടുപോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ക്രൗണ്‍ പ്ലാസയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഇരുവരും എത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവിടെ വച്ച് അബോര്‍ഷന്‍ ഗുളിക കഴിക്കാന്‍ യോഗേഷ് യുവതിയെ പ്രേരിപ്പിച്ചു. എന്നാല്‍ യുവതി എതിര്‍ക്കുകയും വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് യോഗേഷ് സ്‌ക്രൂ ഡ്രൈവറും ബ്ലേഡും ഉപയോഗിച്ച് നിരവധി തവണ കുത്തിയത്. തുടര്‍ന്ന് കുഴഞ്ഞു വീണ യുവതിയുടെ തലയില്‍ ഒരു കല്ലില്‍ ഇടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യോഗേഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.”-പൊലീസ് പറഞ്ഞു.
രാത്രി 9.30 കഴിഞ്ഞിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ മയൂര്‍ വിഹാറില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, യോഗേഷും 19കാരിയും സുഹൃത്തുക്കളാണെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ പ്രണയബന്ധത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ ഗര്‍ഭധാരണത്തെക്കുറിച്ച് പറഞ്ഞു. ഇതോടെ വിവാഹത്തിന് സമ്മതം അറിയിച്ചെന്നും ബന്ധു പറഞ്ഞു.