ഷൊർണൂർ: കണ്ണൂരിൽനിന്ന് ട്രെയിനിൽ ചെന്നൈയിലേക്ക് പുറപ്പെട്ട അഞ്ച് പെൺകുട്ടികളെ ഷൊർണൂർ റെയിൽവേ പൊലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചു. 12നും 15നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ തമിഴ്നാട് സ്വദേശികളാണ്. അവരുടെ രക്ഷിതാക്കൾ കണ്ണൂരിൽ ജോലി ചെയ്യുന്നവരാണ്.
തമിഴ്നാട് സ്വദേശികൾ മാത്രമുള്ള ഗ്രാമത്തിലാണ് രക്ഷിതാക്കളോടൊപ്പം കുട്ടികൾ താമസിക്കുന്നത്. ഇവർ വിദ്യാർഥികളാണ്. രക്ഷിതാക്കൾ അറിയാതെയായിരുന്നു നാടുവിടൽ. റെയിൽവേ എസ്ഐ അനിൽ മാത്യൂവും സംഘവുമാണ് പെൺകുട്ടികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കണ്ണൂരിൽനിന്ന് പൊലീസ് എത്തി പെൺകുട്ടികളെ കൊണ്ടുപോയി.