കൊച്ചി: നിക്ഷേപത്തട്ടിപ്പിന്റെ പുതിയ പതിപ്പായി എന്‍സിഡി എന്ന ‘നോണ്‍ കണ്‍വേര്‍ട്ടിബ്ള്‍ ഡിബഞ്ചറുകള്‍’. ബാങ്ക് നിക്ഷേപളുടെ പലിശ നിരക്കുകള്‍ താഴോട്ടു കൂപ്പുകുത്തിയപ്പോള്‍ സാമ്പത്തിക നഷ്ടം നിക്ഷേപകരെയും സംരംഭകരെയും പിടിച്ചുലച്ചു. വരുമാനത്തില്‍ വന്‍ ഇടിവു തന്നെയാണ് ഉണ്ടായത്. ഈ സമയവും സാഹചര്യവും മുതലെടുത്താണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍.സി.ഡി വ്യാപകമായി പുറത്തിറക്കി വിട്ടത്. തട്ടിപ്പ് നടത്താന്‍ തയ്യാറെടുക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ എന്‍.സി.ഡി ഏറ്റവും പ്രിയപ്പെട്ടതായി മാറി. ജനങ്ങളുടെ പണം തങ്ങളുടെ കയ്യില്‍ എത്തിക്കുവാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഇതാണെന്ന് പലരും തിരിച്ചറിഞ്ഞു.
സാധാരണ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും തിരികെ ചോദിക്കും. എന്നാല്‍ എന്‍.സി.ഡി നിശ്ചിത കാലാവധി തികയാതെ മടക്കി നല്‍കേണ്ടതില്ല. ഇതാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എന്‍.സി.ഡി യോട് പ്രിയം തോന്നാന്‍ കാരണം. കേരളത്തിലെ മുന്തിയ ധനകാര്യസ്ഥാപനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനം അത്ര തൃപ്തികരമല്ല. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മുത്തൂറ്റ് ഫിനാന്‍സിനെതിരെ ഉയരുന്ന പ്രവാസിയുടെ ശബ്ദം. പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മുപ്പതിനായിരത്തിലധികം നിക്ഷേപകര്‍ ഇപ്പോഴും പെരുവഴിയിലാണ്. എന്നാല്‍ കേരളത്തിലെ ചുരുക്കം ചില സ്ഥാപനങ്ങള്‍ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് നിയമപരമായാണ് പ്രവത്തിക്കുന്നതെന്ന കാര്യം വിസ്മരിക്കുന്നില്ല.
എന്‍.സി.ഡി എന്ന ഓമനപ്പേരില്‍ പറയുമ്പോള്‍ ഇതെന്തോ വലിയ സംഭവമാണെന്ന് പാവംപിടിച്ച നിക്ഷേപകന്‍ ധരിക്കും. കൂടെ ലിമിറ്റഡും പ്രൈവറ്റ് ലിമിറ്റഡും കൂടാതെ റിസര്‍വ് ബാങ്കിന്റെയൊക്കെ പേരും പറയുമ്പോള്‍ വിശ്വാസം ഇരട്ടിയാകും. ഇതാണ് ഇപ്പോള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പുതിയ തുറുപ്പ്ചീട്ട്. കയ്യില്‍ പണമില്ലാതെ വിഷമിക്കുന്ന സാധാരണക്കാരന്‍ ഒരാളോട് പണം കടംവാങ്ങിയാല്‍ അത് കൈവായ്പയാകും. ഒരു വ്യാപാരിക്ക് പണം ആവശ്യം വന്നാലും സ്ഥിതി ഇതുതന്നെയാണ്. എന്നാല്‍ ഒരു കമ്പിനിക്ക് പണം ആവശ്യമായി വന്നാല്‍ അവര്‍ക്ക് കടപ്പത്രം ഇറക്കി ജനങ്ങളില്‍നിന്നും പണം സ്വീകരിക്കാം. സംസ്ഥാന സര്‍ക്കാര്‍ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ കടപ്പത്രം ഇറക്കിയിട്ടുണ്ട്. ഈ കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക ഒരു നിശ്ചിത കാലാവധിക്ക് ശേഷംമാത്രമേ തിരികെ നല്‍കേണ്ടതുള്ളൂ. നിക്ഷേപിക്കുന്ന തുകക്ക് പലിശയും കിട്ടും. മൂന്നു വര്‍ഷത്തെ കാലാവധിക്കുള്ള കടപ്പത്രം ആണെങ്കില്‍ വായ്പ വാങ്ങിയ പണം കാലാവധി തികയുന്ന അന്ന് തിരികെ നല്‍കിയാല്‍ മതി. അതുവരെ ഈ പണം കടപ്പത്രം ഇറക്കിയ കമ്പിനിക്ക് ഉപയോഗിക്കാം.
കൃത്യമായി പറഞ്ഞാല്‍ കയ്യില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന ധനകാര്യ സ്ഥാപനങ്ങള്‍ കടപ്പത്രത്തിലൂടെ ജനങ്ങളില്‍ നിന്നും വായ്പ എടുക്കുന്നതിന്റെ പേരാണ് എന്‍.സി.ഡി. 10 കോടി രൂപ സമാഹരിക്കുവാന്‍ അനുമതി ലഭിക്കുന്ന കമ്പിനി ജനങ്ങളില്‍ നിന്നും കയ്ക്കലാക്കുന്നത് കോടികളാണ്. അതായത് അനുമതിയുള്ളതിന്റെ പല മടങ്ങ് കടം വാങ്ങുന്നു. ഇത് ഇവരുടെ മറ്റു സ്ഥാപനങ്ങളിലേക്ക് വകമാറ്റുന്നു. തങ്ങള്‍ കടമായി നല്‍കിയ പണത്തിന്റെ രസീത് പോലും നിക്ഷേപകര്‍ ആരും നോക്കാറില്ല. കൃത്യമായി പറഞ്ഞാല്‍ എന്‍.സി.ഡിയുടെ മറവില്‍ വന്‍ നിക്ഷേപ സമാഹരണമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ പരിശോധനയോ നടപടികളോ ഇല്ലാത്തത് തട്ടിപ്പ് നടത്തുന്നവര്‍ക്ക് കൂടുതല്‍ സൌകര്യമാണ്. പണം നഷ്ടപ്പെട്ട് വിലപിക്കുന്ന നിക്ഷേപകര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ നിക്ഷേപ തട്ടിപ്പ് തുടര്‍ക്കഥയാവുകയാണ്.
നിക്ഷേപമായോ കടപ്പത്രമായോ ലഭിക്കുന്ന തുക കേരളത്തിനു പുറത്ത് പ്രത്യേകിച്ച് വടക്കന്‍ സംസ്ഥാനങ്ങളിലെ പൂട്ടാന്‍ തുടങ്ങുന്ന ഒരു കമ്പിനിയെ കണ്ടുപിടിച്ച് അവിടെ പണം മുടക്കുന്നതാണ് തട്ടിപ്പിന്റെ രണ്ടാം ഭാഗം. ഈ കമ്പിനിയുമായി ഒരു രഹസ്യ ധാരണയില്‍ എത്തുകയും അവിടെ പണം മുടക്കിയതായി രേഖയുണ്ടാക്കുകയും ചെയ്യുന്നു. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക ബിസിനസ് വിപുലീകരണത്തിന് നിയമപരമായി ഉപയോഗിക്കാമെന്നതിനാല്‍ കേരളത്തിനു പുറത്തുള്ള കമ്പിനിയെ ഏറ്റെടുക്കുന്നതിനോ ആ കമ്പിനിയില്‍ മുതല്‍ മുടക്കുന്നതിനോ തടസ്സമില്ല. ക്രമേണ ആ കമ്പിനി പൂട്ടുകയോ കേസില്‍ പെടുകയോ ചെയ്യും. ഇതോടെ തട്ടിപ്പ് പൂര്‍ണ്ണമാകുകയാണ്. വമ്പന്മാരായ സാമ്പത്തിക സ്ഥാപനങ്ങള്‍ ചെയ്യുന്നത് എന്‍സിഡികള്‍ വിളിക്കുകയും കൂട്ടത്തില്‍ അന്യസംസ്ഥാനത്തുള്ള കടലാസുകമ്പിനികളുടെ പേരും കൂട്ടിച്ചേര്‍ക്കും. ഇതിന് വമ്പന്മാരാണ് ഇടനിലക്കാരാകുന്നത്. സാമ്പത്തിക തട്ടിപ്പു നടത്തിയതിനുശേഷം ഉത്തരവാദിത്വം കടലാസു കമ്പനിയുടെ തലയില്‍വെയ്ക്കും. യഥാര്‍ഥ പ്രതികള്‍ രക്ഷപെടുകയും ചെയ്യും.
കൊച്ചിയിലെ പ്രവാസി മുത്തൂറ്റ് ഫിനാന്‍സില്‍ നിക്ഷേപിച്ച പണവും നഷ്ടപ്പെട്ടത് ഈ മാര്‍ഗ്ഗത്തിലൂടെയാണെന്ന് കരുതുന്നു. 11ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തതായി അനില്‍ പറയുന്നത്. വെണ്ണല ബ്രാഞ്ച് മാനേജര്‍ വിനീത റോയ് ആണ് ഏരൂര്‍ സ്വദേശിയായ അനിലില്‍ നിന്ന് എന്‍.സി.ഡി.യിലേയ്ക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചത്. 2015ലാണ് അനില്‍ ആദ്യ നിക്ഷേപം നടത്തുന്നത്. തുടര്‍ന്ന് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ അനിലിന്റെ അക്കൗണ്ട് കാലാവധി പൂര്‍ത്തിയായതായി അറിയിക്കുകയും പണം തിരികെ ലഭിക്കുന്നതിനുള്ള ചെക്ക് മുത്തൂറ്റില്‍ നിന്ന് നല്‍കുകയും ചെയ്തിരുന്നു. വീണ്ടും വിനീത റോയ് അനിലിന്റെ വീട്ടില്‍ വന്ന് പണം കയ്യിലിരുന്നാല്‍ നഷ്ടപ്പെടുമെന്നും എന്‍.സി.ഡിയുടെ പുതിയ ഇഷ്യൂ വന്നിട്ടുണ്ടെന്ന് പറയുകയും പണം വീണ്ടും നിക്ഷേപിക്കുന്നതിനായി വാങ്ങിക്കൊണ്ടു പോകുകയും ചെയ്തുവെന്നാണ് പരാതിക്കാരനായ അനില്‍ പറയുന്നത്.
2020 വരെ നിക്ഷേപ തുകയുടെ പലിശ അനിലിന്റെ അക്കൗണ്ടില്‍ എത്തിയിരുന്നു. 2021 മുല്‍ പലിശ അക്കൗണ്ടില്‍ എത്താതായതോടെ ബ്രാഞ്ചില്‍ അന്വേഷിച്ചെത്തിയ പരാതിക്കരനോട് വിനീത റോയ് പറഞ്ഞത് കൊറോണയുടെ പ്രശ്‌നങ്ങള്‍ കാരണമാണെന്നും താമസിക്കാതെ പലിശ അക്കൗണ്ടില്‍ വരുമെന്നുമാണ്. മെയ് മാസം അവസാനം കാലാവധി പൂര്‍ത്തിയായ നിക്ഷേപം തിരികെ ലഭിക്കേണ്ടതാണ്. പണം ലഭിച്ചിട്ടില്ലെന്നറിയിച്ചപ്പോള്‍ ആഗസ്ത് മാസത്തോടെ ലഭിക്കുമെന്നു പറഞ്ഞതായി അനില്‍ പറയുന്നു. ആഗസ്ത് മാസം കഴിഞ്ഞതോടെ പണം ആവശ്യപ്പെട്ടുവന്ന പരാതിക്കാരനോട് വിനീത റോയ് പറഞ്ഞത്, പണം കൊല്‍ക്കൊത്ത ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയില്‍ മുത്തൂറ്റ് ഫിനാന്‍സ് നിക്ഷേപിച്ചിരിക്കുകയാണെന്നാണ്. മാനേജ്‌മെന്റ് ജീവനക്കാരെയും കബളിപ്പിക്കുകയായിരുന്നു എന്ന് വിനീത റോയ് പറഞ്ഞതായി അനില്‍ പറയുന്നു. അനില്‍ നല്‍കുന്ന പരാതിയില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാനേജ്‌മെന്റ് ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് വിനീത പറഞ്ഞെന്നും അനില്‍ വ്യക്തമാക്കി. കൊല്‍ക്കൊത്ത കമ്പനി നിലവില്‍ കേസില്‍ക്കിടക്കുകയാണ് എന്നാണ് മാനേജര്‍മാര്‍ പറയുന്നത്. ഇതു പോലെ നിരവധി നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ പരാതിയുമായി വരുമെന്നാണ് സൂചന.
എന്‍സിഡി എന്ന ‘നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ‘ എന്താണ് ? – എങ്ങനെ ചതിയിപ്പെടാതിരിക്കാം – തുടരും …