ലഖ്നോ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കാൻ ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംഭാവന ശേഖരിക്കുന്നതിനിടെ മർദനമേറ്റ 35 കാരൻ മരിച്ചു. പണം പിരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഗംഗാഘട്ട് പ്രദേശത്തെ പ്രാദേശിക ക്ഷേത്രത്തിനായി സംഭാവനകൾ ശേഖരിക്കുകയായിരുന്നു വിനോദ് കശ്യപ്.
സംഭാവന വിതരണത്തിനിടെ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് മറ്റൊരു സമുദായവുമായി സംഘർഷമുണ്ടായതായി വിനോദിന്റെ സഹോദരൻ അവകാശപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ശങ്കർ മീണ പറഞ്ഞു. കാലെ ഖാൻ ഒരാൾ പണം ആവശ്യപ്പെടുകയും വിനോദിനെ കല്ലുകൊണ്ട് അടിച്ച് ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ ഒരാൾക്കു കൂടി പരിക്കേറ്റു. ചികിത്സയിലിരിക്കെയാണ് വിനോദ് മരിച്ചത്.
സംഭാവന ശേഖരിക്കുന്നതിനിടെ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതാണ് കാലെ ഖാനും അദ്ദേഹത്തിന്റെ അനുയായികളും പ്രകോപിതരായതെന്ന് വിനോദിന്റെ സഹോദരൻ ആരോപിച്ചു. എന്നാൽ കാലെ ഖാനും അദ്ദേഹത്തിന്റെ അനുയായികളും തന്റെ ഭർതൃസഹോദരനെ പൊക്കിയെടുത്തുവെന്നും ഭർത്താവ് രക്ഷിക്കാൻ ചെന്നപ്പോൾ ഇഷ്ടികയും കല്ലും ഉപയോഗിച്ച് ആക്രമിച്ചുവെന്നുമാണ് വിനോദിന്റെ ഭാര്യ പ്രീതി പറയുന്നത്.
പ്രീതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും കാലെ ഖാനെയും അനുയായികളായ ഛോട്ടു ഖാൻ, സുഹൈൽ, ജംഷീദ് എന്നിവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെതുടർന്ന് ഗംഗാഘട്ട് പ്രദേശത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായി.