തൃശൂർ: അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന വിനോദ സഞ്ചാരികൾക്കെതിരേ കേസെടുത്തു. അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് അങ്കമാലി സ്വദേശികളായ 5 പേർക്കെതിരേ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്തത്. ഇവർ വനത്തിൽ കടക്കാനുപയോഗിച്ച വാഹനവും പിടിച്ചെടുക്കും. ഇവരോടൊപ്പം ഉണ്ടായിരുന്ന താൽക്കാലിക വാച്ചർ അയ്യംപുഴ സ്വദേശി ശ്രീലേഷും കേസിൽ പ്രതിയാണ്. പ്രതികളും വാഹനവും ഉടൻ പിടികൂടുമെന്നും പ്രതിചേർക്കപ്പെട്ട വാച്ചറെ ജോലിയിൽ നിന്ന് ഒഴിവാക്കിയെന്നും ഡപ്യൂട്ടി റേഞ്ച് ഓഫീസർ അറിയിച്ചു.