തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക് ദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. എസ്.എഫ്.ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് ‘കാലിക്കറ്റി’ൽ തുടർക്കഥയാണെന്ന് നിവേദനത്തിൽ പറയുന്നു. 2009ൽ സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന, എസ്.എഫ്.ഐ സംസ്ഥാന നേതാവായിരുന്ന കെ. ഡയാനക്ക് പത്തുവർഷം കഴിഞ്ഞ് ഇന്റേണൽ പരീക്ഷയിൽ 21 മാർക്ക് അധികമായി നൽകിയത് വിവാദമായതിന് സമാനമായാണ് ഇപ്പോൾ പൂജ്യം മാർക്ക് ലഭിച്ച മറ്റൊരു എസ്.എഫ്.ഐ നേതാവായ കെ. ആകാശിന് ഇന്റേണൽ പരീക്ഷയിൽ ആറ് മാർക്ക് കൂട്ടിക്കൊടുത്ത് ബി.എസ്.സി പരീക്ഷ ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.അക്കാദമിക് കൗൺസിലിന്റെ റെഗുലേഷന് വിരുദ്ധമായാണ് ഇന്റേണൽ മാർക്ക് കൂട്ടി നൽകിയതെന്ന് ആദ്യമാർക്ക് ദാനം സംബന്ധിച്ച ചോദ്യത്തിന് നിയമസഭക്ക് സർവകലാശാല മറുപടി നൽകിയിരുന്നു. ഇപ്പോൾ എസ്.എഫ്.ഐയുടെ മറ്റൊരു നേതാവിന് ആറു മാർക്ക് കൂട്ടിനൽകി വിജയിപ്പിച്ചതും സർവകലാശാല റെഗുലേഷന് വിരുദ്ധമാണ്.
സർവകലാശാല സിൻഡിക്കേറ്റ് പരിശോധിച്ചു തള്ളിക്കളഞ്ഞ മാർക്കുദാന അപേക്ഷയാണ് ഇപ്പോൾ നിലവിലിരിക്കുന്ന നോമിനേറ്റഡ് സിൻഡിക്കേറ്റ് അനധികൃതമായി അനുവദിക്കാൻ തീരുമാനിച്ചത്. സർവകലാശാലയുടെ അക്കാദമിക് കൗൺസിലിനല്ലാതെ, കോളജ് പ്രശ്ന പരിഹാര സമിതിക്കോ സിൻഡിക്കേറ്റിനോ റെഗുലേഷനിൽ ഇളവ് അനുവദിക്കാൻ അധികാരമില്ല. ചട്ട വിരുദ്ധ നടപടികൾ തടയാൻ ബാധ്യസ്ഥനായ വി.സി മാർക്ക് തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുകയാണെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.