ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ മുഹൂർത്തം മാറ്റിയത് 11 വിവാഹങ്ങളുടേത്. രാവിലെ ആറുമുതൽ ഒമ്പതുവരെ നടക്കേണ്ട വിവാഹങ്ങളാണ് സുരക്ഷ കാരണം പറഞ്ഞ് മാറ്റിയത്. നേരത്തേ മുഹൂർത്തം നിശ്ചയിച്ച് ക്ഷണം പൂർത്തിയാക്കിയ വിവാഹങ്ങളുടെ സമയമാണ് ദിവസങ്ങൾ മാത്രം ശേഷിക്കെ മാറ്റേണ്ടിവന്നത്.
രാവിലെ ആറിന് മുമ്പായാണ് ഈ വിവാഹങ്ങൾ നടക്കുക. നേരം പുലരും മുമ്പേ വിവാഹമായതോടെ തലേന്നുതന്നെ ഗുരുവായൂരിലെത്തി മുറിയെടുക്കേണ്ട സ്ഥിതിയിലാണ് വിവാഹസംഘങ്ങൾ. ബന്ധുമിത്രാദികൾക്ക് വിവാഹചടങ്ങിന് സാക്ഷിയാകാനും കഴിയില്ല. വിരലിലെണ്ണാവുന്ന കുടുംബാംഗങ്ങൾക്ക് മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശനം. വിവാഹത്തിനെത്തുന്നവർക്ക് സഞ്ചാര സ്വാതന്ത്ര്യവുമുണ്ടാകില്ല.
മോദിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മറ്റുള്ള വിവാഹങ്ങളുടെയെല്ലാം താളം തെറ്റിയ അവസ്ഥയായി. പ്രതികരിക്കാനുള്ള ഭയംമൂലം പലരും തുറന്നുപറയുന്നില്ലെങ്കിലും സുരക്ഷ കോട്ടക്ക് നടുവിൽ പുലരും മുമ്പേ വിവാഹം നടത്തിത്തീർക്കേണ്ടിവരുന്നതിലെ സങ്കടം പലർക്കുമുണ്ട്. സുരക്ഷസേനയുടെ ഉത്തരവുകളും പാസുകളുമെല്ലാം അനുസരിച്ച് അനിശ്ചിതത്വങ്ങളുടെ നടുവിൽനിന്ന് വിവാഹം നടത്തേണ്ട അവസ്ഥയിലാണ് രാവിലെ ആറിനും ഒമ്പതിനും മധ്യേ വിവാഹം നിശ്ചയിച്ചവർ.