പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്‌ലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെ അപലപിച്ച പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാഖിനും സിറിയയ്ക്കും ശേഷം ഇറാൻ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാൻ ചൊവ്വാഴ്ച ആക്രമണം നടത്തിയത്.
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാൻ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വടക്കൻ സിറിയയിലെ താവളങ്ങൾക്കുനേരേയും ഇറാൻ നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പാകിസ്താനിലും ആക്രമണം നടത്തിയിരിക്കുന്നത്.