തൃശ്ശൂര്‍: തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. രാവിലെ പത്തോടെയാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്. കേരളീയ വേഷത്തിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി പ്രധാന വഴിപാടായ മീനൂട്ടും മോദി നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്. ക്ഷേത്രത്തില്‍നിന്ന് മടങ്ങുന്നതിനിടെ കാറില്‍നിന്നും വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു. 11.15 ഓടെയാണ് തൃപ്രയറാലില്‍നിന്ന് മോദി മടങ്ങിയത്.
തുടര്‍ന്ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പായി ദക്ഷിണേന്ത്യയിലെ പ്രധാന ശ്രീരാമ ക്ഷേത്രമായ തൃപ്രയാറില്‍ ദര്‍ശനം നടത്തണമെന്ന് ക്ഷേത്രം തന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗുരൂവായൂര്‍ സന്ദര്‍ശനത്തിനുശേഷം മോദി തൃപ്രയാറിലെത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ പ്രധാനമന്ത്രിയുമായുള്ള ഹെലികോപ്ടര്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രധാനമന്ത്രി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് ഗുരുവായൂരിലേക്ക് തിരിച്ചത്. 7.47 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയശേഷം മുണ്ടും വേഷ്ടിയും ഷാളുമണിഞ്ഞ് രാവിലെ എട്ടോടെ ഇലക്ട്രിക് വാഹനത്തിൽ ക്ഷേത്ര പരിസരത്തെത്തി.
ക്ഷേത്രത്തിനകത്ത് 20 മിനിറ്റിലേറെ ദർശനം നടത്തി. തുടര്‍ന്ന് നറുനെയ്യ് നിവേദിച്ച് പ്രാർത്ഥന നടത്തി. വസ്ത്രം മാറിയ ശേഷം 8.45 ഒടെ കിഴക്കേ നടയിലെ വിവാഹ മണ്ഡപത്തിലേക്ക് എത്തി. പുലർച്ചെ വിവാഹിതരായ വധു വരൻമാർക്ക് പ്രധാനമന്ത്രി അക്ഷതം കൈമാറി. പ്രധാനമന്ത്രിയെ കാത്ത് വേദിക്കരികിൽ മോഹൻലാലും മമ്മുട്ടിയും ഉൾപ്പെടെയുണ്ടായിരുന്നു. താരങ്ങൾക്കരികിലെത്തി കുശലാന്വേഷണം നടത്തിയശേഷം വധൂവരൻമാരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാസുരേഷിനും ശ്രേയസ് മോഹനും നരേന്ദ്ര മോദി വരണമാല്യം എടുത്തു നൽകി. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി ശ്രീവൽസത്തിലേക്ക് മടങ്ങി. തുടര്‍ന്ന് രാവിലെ 9.30 ഓടെയാണ് തൃപ്രയാറിലേക്ക് തിരിച്ചത്. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.