യുകെയിൽ സ്കൂൾകുട്ടിയെ കാർ ഇടിച്ചു, കാർ ഓടിച്ചിരുന്ന ഇന്ത്യൻ വംശജയോട് 1.41 കോടി രൂപ നൽകാൻ കോടതി. 2018 -ലാണ് ഇന്ത്യൻ വംശജയായ ഡോക്ടർ ശാന്തി ചന്ദ്രന്റെ ലക്ഷ്വറി കാർ കുട്ടിയെ ഇടിച്ചത്. പിന്നാലെ, കുട്ടിക്ക് തലയ്ക്കടക്കം പരിക്കേറ്റിരുന്നു. 2018 ജനുവരിയിൽ, ഡോ. ശാന്തി ചന്ദ്രൻ തന്റെ ബിഎംഡബ്ല്യു ഓടിച്ചുകൊണ്ട് ബക്കിംഗ്‌ഹാംഷെയറിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. ആ സമയത്താണ് അന്ന് 12 വയസ്സായിരുന്ന കുട്ടിയെ ഇടിക്കുന്നത്.
കുട്ടി കേസ് കൊടുക്കുകയും കേസ് കോടതിയിൽ എത്തുകയും ചെയ്തു. ഡോ. ശാന്തിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് തനിക്ക് അപകടം സംഭവിച്ചത് എന്നും തന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു എന്നും കുട്ടി പറഞ്ഞു. അപകടം നടക്കുമ്പോൾ ഡോ. ശാന്തി ആശുപത്രിയിലേക്കും കുട്ടി സ്കൂളിലേക്കും പോവുകയായിരുന്നു. കാറിന്റെ വിൻഡ്സ്ക്രീനിന് സമീപത്ത് കുട്ടിയുടെ തല കുടുങ്ങി. ഗ്ലാസ് തകർന്നു. കുട്ടിയുടെ തലയ്ക്കു ഗുരുതരമായ പരിക്കുകളുണ്ടായി. ഇടത് കോളർബോണിനും പൊട്ടലുണ്ടായി എന്ന് പറയുന്നു.
അപകടത്തെ തുടർന്ന് മൂന്ന് ദിവസം കുട്ടി വെന്റിലേറ്ററിലായിരുന്നു. 10 ദിവസം അവൾക്ക് ആശുപത്രിയിൽ തന്നെ കഴിയേണ്ടിയും വന്നു. ഇത് കൂടാതെ പിടിഎസ്ഡി അടക്കം ഒരുപാട് മാനസികമായ ബുദ്ധിമുട്ടുകളും കുട്ടിക്കുണ്ടായി എന്നും കോടതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഗ്രീൻ സിഗ്നലിലും കുട്ടി റോഡിൽ നിന്നതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു ഡോ. ശാന്തിയുടെ വാദം.
എന്നാൽ, കോടതി കുട്ടിക്കനുകൂലമായിട്ടാണ് വിധിച്ചത്. പക്ഷേ, ആ സമയത്ത് ഗ്രീൻ സിഗ്നൽ ആയതിനാൽ തന്നെ കുട്ടി ആവശ്യപ്പെട്ട തുകയിൽ നിന്നും കുറച്ചാണ് കുട്ടിക്ക് നൽകാൻ കോടതി വിധിച്ചിരിക്കുന്നത്. 1.41 കോടിയാണ് ഇപ്പോൾ ഡോ. ശാന്തി കുട്ടിക്ക് നൽകേണ്ടത്.