ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ചു പുതിയ പരിശോധന വേണമെന്നു ശുപാര്‍ശ ചെയ്ത് സുപ്രീം കോടതിയില്‍ കേന്ദ്ര ജല കമ്മിഷന്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിനെ തമിഴ്‌നാട് എതിര്‍ത്തു. ഡോ.ജോ ജോസഫിന്റെ ആവശ്യമായിരുന്നു ഇത്. സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം നിയോഗിക്കപ്പെട്ട മേല്‍നോട്ട സമിതി ഡാം സന്ദര്‍ശിച്ചു നടത്തിയ പരിശോധനകളില്‍ ഡാം സുരക്ഷിതമാണെന്നു കണ്ടെത്തിയിരുന്നതായി ജല കമ്മിഷന്റെ റിപ്പോര്‍ട്ടിലുണ്ട്. ഡാം സുരക്ഷിതമാണെന്ന് പറഞ്ഞ സ്ഥിതിക്കു പുതിയ പരിശോധന വേണമെന്ന നിര്‍ദേശത്തില്‍ വൈരുധ്യമുണ്ടെന്ന് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിച്ച പ്രകാരം ഡാം ബലപ്പെടുത്താനുള്ള നടപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പുതിയ പരിശോധന വേണമെന്ന ആവശ്യം ന്യായമല്ലെന്നും വാദിച്ചു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടുത്ത ആഴ്ച വാദം തുടങ്ങിയേക്കും. ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിക്കും.