ഭുപനേശ്വർ: ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും. 2015ൽ കോൺഗ്രസ് വിട്ട് ഗിരിധർ ഗമാംഗ്, ഭാര്യ ഹേമ ഗമാംഗ്, മകൻ ശിശിർ ഗമാംഗ് എന്നിവരാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. രാജ്യത്ത് തത്വാധിഷ്ഠിത രാഷ്ട്രീയം നടത്തുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കൊപ്പം മുൻ എം.പി സഞ്ജയ് ഭോയ്യും പാർട്ടിയിൽ ചേർന്നിരുന്നു.കോൺഗ്രസ് തനിക്ക് 11 തവണ മത്സരിക്കാൻ അവസരം തന്നിരുന്നുവെന്നും പ്രവർത്തകരെ ബഹുമാനിക്കാൻ കോൺഗ്രസ് പാർട്ടിക്ക് എന്നും സാധിച്ചിട്ടുണ്ടെന്നും ഗമാംഗ് പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം ന്യായ് യാത്രയിൽ പങ്കുചേരുമെന്നും രാജ്യത്തിൻ്റെ നീതിക്കായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1972ൽ കോരാപുടിൽ നിന്നും വിജയിച്ച ഗമാംഗ് 1977, 1980, 1984, 1989, 1991, 1996, 1998, 2004 തുടങ്ങിയ വർഷങ്ങളിലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1999 ഫെബ്രുവരി 17 മുതൽ ഡിസംബർ ആറ് വരെ ഒഡീഷ മുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 201ൽ ബി.ജെ.പിക്കൊപ്പം ചേർന്ന ഗമാംഗ് 2023ൽ ബി.ആർ.എസിന്റെ ഭാഗമാവുകയായിരുന്നു.