കണ്ണൂര്‍: കണ്ണൂരിലെ മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ കവർച്ച. ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപ മോഷ്ടിച്ചു. കെട്ടിടത്തിന്‍റെ ചുമര് തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കണ്ണൂർ നഗരമധ്യത്തിലാണ് അതിവിദഗ്ധമായി പണം കവർന്നത്. ബാങ്ക് റോഡിൽ കാനനൂർ ഡ്രഗ്സ് സെന്‍ററിന്‍റെ മൊത്ത വിതരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പിൻവശത്തെ എക്സോസ്റ്റ് ഫാൻ എടുത്തുമാറ്റി ചുമര് തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഓഫീസിലെ മേശവലിപ്പിനുളളിൽ സൂക്ഷിച്ച 1,85,000 രൂപ കാണാനില്ല. ഇന്നലത്തെ കളക്ഷൻ തുകയാണ് സൂക്ഷിച്ചിരുന്നത്.
രാവിലെ എട്ടരയോടെ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. സ്ഥാപനത്തിന്‍റെ മുൻവശത്ത് മാത്രമാണ് സിസിടിവി. പുറകിലെ ഇടുങ്ങിയ വഴിയിലൂടെ കടന്നാണ് മോഷ്ടാക്കളെത്തിയതെന്നാണ് നിഗമനം. സ്ഥാപന ഉടമ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഒന്നിലധികം പേർ കവർച്ചയ്ക്കുണ്ടായെന്നാണ് നിഗമനം.