ദില്ലി: ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജ്യത്ത് ആദ്യമായി ഇന്ത്യ സംഖ്യവും ബിജെപിയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പാണ് ചണ്ഡീഗഡിലേത് എന്നാണ് ആംആദ്മി വാദം. നേരത്തെ ഇരു ചേരിയിലായിരുന്ന ആംആദ്മിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ സഖ്യമായിട്ടാണ് മത്സരിക്കുന്നത്. മേയർ സ്ഥാനത്തേക്ക് ആംആദ്മിയും ഡെപ്യൂട്ടി, സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് കോൺഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ആം ആദ്മി അംഗങ്ങൾ കോൺഗ്രസിനും കോൺഗ്രസ് അംഗങ്ങൾ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികൾക്കും വോട്ട് ചെയ്യും. 35 അംഗ കോർപ്പറേഷനിൽ 14 അംഗങ്ങളാണ് ബിജെപിയ്ക്കുളളത്. ആംആദ്മിയ്ക്ക് 13 ഉം കോണ്ഗ്രസിന് 7 അംഗങ്ങളാണുളളത്.
ഒരുമിച്ച് മത്സരിക്കുന്നതോടെ കോൺഗ്രസ് – ആം ആദ്മി പാര്‍ട്ടി സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കൂടുതൽ സീറ്റുകൾ നേടിയെങ്കിലും ബിജെപി അധികാരം പിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കക്ഷികളിലേയും അനുയായികൾ തമ്മിൽ സംഘർഷം രൂക്ഷമാണ്.