കോഴിക്കോട്: കടലില്‍ ചാടി ജീവനൊടുക്കാന്‍ ഒരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ വീട്ടമ്മയെയും മൂന്നു മക്കളെയും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് പാറപ്പള്ളിക്ക് സമീപത്ത് മക്കളോടൊപ്പം കടലില്‍ ചാടി ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയതെന്ന് കേരളാ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്‌കൂളില്‍ കൈക്കുഞ്ഞുമായെത്തിയ അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്‌കൂള്‍ ബാഗ് എടുക്കാതെ വിളിച്ചു കൊണ്ടു പോയതില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ ഈ വിവരം കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി പൊലീസ് അമ്മയുടെ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ച ശേഷം അവര്‍ കൊയിലാണ്ടി മന്ദമംഗലം പരിസരത്ത് എത്തിയതായി മനസിലാക്കി.
ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസിന് വിവരം കൈമാറി. വിവരം ലഭിച്ചയുടന്‍ കൊയിലാണ്ടി പൊലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു. എന്നാല്‍, വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസിലാക്കി. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടില്‍ എത്തി വീട്ടമ്മയെയും മക്കളെയും കണ്ടെത്തുകയായിരുന്നു. അനുനയിപ്പിച്ച് തിരിച്ചു കൊണ്ടുവന്ന പൊലീസ് സംഘം അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കി വീട്ടില്‍ എത്തിക്കുകയായിരുന്നെന്ന് കേരളാ പൊലീസ് അറിയിച്ചു.