ഇനി സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കുടുംബാംഗങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും അവരുടെ സമാധാനത്തിന് വേണ്ടി ഇനിമുതൽ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്നും അൽഫോൺസ് കൂട്ടിച്ചേർത്തു.
‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു .ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്. സംവിധായകന്റെ ഈ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. താരം പങ്കുവെക്കുന്നു കുറിപ്പുകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. അടുത്ത സമയത്ത് തന്റെ ചിത്രമായ ഗോൾഡിന്റെ പരാജയത്തെക്കുറിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പടം പൊട്ടിയതല്ല, പൊട്ടിച്ചതാണ് എന്നായിരുന്നു അൽഫോൺസ് പുത്രൻ പറഞ്ഞത്.
‘പടം പൊട്ടിയതല്ല, പൊട്ടിച്ചതിലാണ് പ്രശ്നം. റിലീസിന് മുമ്പ് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. ചിത്രം ഫ്ലോപ്പ് അല്ല, തിയറ്ററിൽ പരാജയമാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയാണ്. ഒരുപാട് നുണകൾ എന്നോട് പറഞ്ഞു. കിട്ടിയ തുകയും എന്നിൽ നിന്ന് മറച്ചുവെച്ചു. ആരും സഹായിച്ചില്ല. പുട്ടിന് പീര എന്ന പോലെ ഒരു അൽഫോൺസ് പുത്രൻ ചിത്രം എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്ക്. സിനിമയിൽ ഏഴ് ജോലികൾ ഞാൻ ചെയ്തിരുന്നു. പ്രമോഷൻ സമയത്ത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാറി നിന്നിരുന്നു. ബാക്കിയെല്ലാവരും സംസാരിക്കുമെന്നാണ് കരുതിയത്. ഗോൾഡ് പരാജയപ്പെട്ടത് തിയറ്ററുകളിൽ മാത്രമാണ്. ഇനിയും പ്രേമത്തിന്റെ പണം തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ടെന്നാണ് അൻവർ ഇക്ക പറഞ്ഞത്. തിയറ്ററുകളിൽ ആളെക്കൊണ്ട് കൂവിച്ച മഹാനും മഹാന്റെ കൂടെയുള്ളവരും എല്ലാം പെടും. ഞാൻ പെടുത്തും’-എന്നായിരുന്നു കുറിപ്പ്.