തിരുവനന്തപുരം∙ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ബി.സന്ധ്യയ്ക്ക് പുനർനിയമനം നൽകി സർക്കാർ. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി മെംബർ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കളമശേരിയിൽ യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മൂന്നു പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനിച്ചു. തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും.
ഭിന്നശേഷിയുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശനെ വിട്ടയയ്ക്കാൻ ശുപാർശ ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവു ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർഗനിർദേശങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് കേസുകളുടെ വിചാരണയ്ക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കാനും തീരുമാനമായി. എൽഡി ടൈപ്പിസ്റ്റ്, അറ്റൻഡന്‍റ്, ക്ലർക്ക് എന്നീ തസ്തികകൾ വർക്കിങ്ങ് അറേജ്മെന്‍റ് മുഖേനയോ റീ ഡിപ്ലോയിമെന്‍റ് വഴിയോ നികത്തണമെന്നും സ്വീപ്പിങ്ങ് ജോലികൾക്കായി ഒരു കാഷ്വൽ സ്വീപ്പറിനെ എംപ്ലോയിമെന്‍റ് എക്സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി 10 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.