തൃശ്ശൂർ : തൃശൂർ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചതിനു പിന്നിൽ ദുരൂഹതയില്ലെന്ന് പോലീസ്. മോഷണശ്രമത്തിനിടെ വെളിച്ചം കിട്ടാൻ ലൈറ്റർ കത്തിച്ചതാകാമെന്നാണ് അനുമാനം. പോസ്റ്റ് ഓഫീസിൽ മണ്ണെണ്ണ സൂക്ഷിച്ചതിനാൽ തീ ആളിപടർന്നതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. മോഷ്ടാവിൻ്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോസ്റ്റ് ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും കത്തിനശിച്ചിരുന്നു. പെരിങ്ങോട്ടുകര മൂന്നു കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന പെരിങ്ങോട്ടുകര സബ് പോസ്റ്റ് ഓഫീസിലാണ് തീപ്പിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ ശുചീകരണ തൊഴിലാളിയായ ലീല ഓഫീസിലെത്തിയപ്പോഴാണ് മുൻവാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പോസ്റ്റ് മാസ്റ്ററേയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിലെ വസ്തുക്കൾ കത്തി നശിച്ച നിലയിൽ കണ്ടത്. കമ്പ്യൂട്ടറും, പ്രിൻ്ററും, റെജിസ്ട്രറുകളും, പാസ് ബുക്കുകൾ ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. ഓഫീസിനകത്ത് മുഴുവൻ കരിപിടിച്ച നിലയിലായിരുന്നു. മുൻവശത്ത് വാതിലിൻ്റെ രണ്ട് പൂട്ടുകളും തകർത്തിരുന്നു. പിൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഫോറൻസിക്ക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.