തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രി ഗണേഷ്കുമാറിന്റെ നിലപാടിനെതിരെ ഭരണകക്ഷി എം.എൽ.എ രംഗത്ത്. സർക്കാർ നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭകരമാക്കാനാണ് കെ.എസ്.ആർ.ടി.സി ശ്രമിക്കേണ്ടതെന്നും വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് ഫേസ്ബുക്കിൽ പ്രതികരിച്ചു.
ഇലക്ട്രിക് ബസുകൾ വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും തുച്ഛമായ ലാഭം മാത്രമാണ് കിട്ടുന്നതെന്നും മന്ത്രി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒാടുന്ന മുഴുവൻ ബസുകകളും റീ ഷെഡ്യൂൾ ചെയ്യുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനോടുള്ള പ്രതികരണമായാണ് വി.കെ.പ്രശാന്ത്ര് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിലയിരുത്തുന്നത്.
“തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും , കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആർ.ടി.സി ചെയ്യേണ്ടത്”. എന്നാണ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചത്.