കോട്ടയം : വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. സുരേഷ് സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനം സാധാരണഗതിയിലായി. വാവ സുരേഷ് കിടക്കയിൽ എഴുന്നേറ്റിരിക്കുകയും എല്ലാ കാര്യങ്ങളും ഓർമ്മിച്ച് പറയുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടേഴ്‌സ് പറഞ്ഞു. നല്ല രീതിയിൽ സംസാരിക്കുന്നുണ്ട്. ഇന്നുമുതൽ ലഘുഭക്ഷണങ്ങൾ നൽകിത്തുടങ്ങും. ഇന്ന് ഐസിയുവിൽ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. വാവ സുരേഷിന്റെ ആരോഗ്യ നില വിലയിരുത്തി തുടർ നീക്കങ്ങൾ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് ഇന്ന് 9 മണിക്ക് യോഗം. ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.
വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു.