ദമ്മാം: വർഗീയ കലാപത്തിൽ മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ എന്തു ചെയ്തുവെന്ന് പറയാൻ ഇപ്പോൾ മത ന്യൂനപക്ഷങ്ങളുടെ വീടുകയറുന്ന ബി.ജെ.പി കേരള ഘടകത്തിന് ധൈര്യമുണ്ടോയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു. ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേരളത്തിൽ നിരവധി നാടകങ്ങളിലൂടെയാണ് ബി.ജെ.പി വേരുറപ്പിക്കാൻ ശ്രമിക്കുന്നത്.
സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്ന നാടകങ്ങൾ നമ്മൾ കാണുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയെ മാത്രം പ്രീണിപ്പിച്ചുകൊണ്ട് കേരളത്തിൽ വിജയിക്കാൻ സാധിക്കുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ ന്യൂനപക്ഷ സമുദായത്തിലെ ഒരു വിഭവത്തെയെങ്കിലും കൂടെ നിർത്തുക എന്നതാണ് അവരുടെ ലക്ഷ്യം. സമാനമായ തലത്തിലൂടെയാണ് ഇടതുമുന്നണിയുടെ കേരള സർക്കാരും കടന്നുപോകുന്നത്. സംഘടിത അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബം ആരോപണത്തിെൻറ വക്കിലാണ്. മുമ്പ് കോൺഗ്രസ് പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു.
വീണ വിജയെൻറ സ്വകാര്യ അക്കൗണ്ടിലേക്ക് വന്ന പണം ഇതുവരെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. മുഖ്യന്ത്രിയുടെ പദവി ഉൾപ്പടെ ദുരുപയോഗം ചെയ്തുകൊണ്ട് സമ്പത്ത് ആർജ്ജിക്കുകയാണ്. അതിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആരുടെ ഓഫീസ് വഴിയാണ് സ്വർണക്കള്ളക്കടത്ത് നടത്തിയതെന്ന് തങ്ങൾക്ക് അറിയാമെന്ന് പ്രധാനമന്ത്രി ഗുരുവായൂരിൽ പറഞ്ഞു. പിന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. അപ്പോൾ കൃത്യമായ ഒത്തുകളി അതിലുണ്ട്. കേരളത്തിൽ ജയിക്കാൻ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം. അതാണ് കുറ്റക്കാരനാണെന്ന് കണ്ടിട്ടും പിണറായി വിജയനെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ശക്തമായ പോരാട്ടത്തിലാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായീ യാത്ര വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണിക്ക് നിർണായകമായ വിജയങ്ങൾ ഉണ്ടാക്കും. ജാഥയാരംഭിച്ചത് മണിപ്പൂരിൽ നിന്നാണ്. അത് ഒരു പ്രതീകമാണ്. നരേന്ദ്ര മോദി സർക്കാർ പ്രതിനിധാനം ചെയ്ത വിഭജന രാഷ്ട്രീയത്തിനെറ ഏറ്റവും വലിയ ഇരകളായിരുന്നു മണിപ്പൂർ ജനത. നൂറു ദിവസത്തിലധികം മണിപ്പൂർ കത്തിയെരിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒന്ന് അപലപിക്കാൻ പോലും കഴിഞ്ഞില്ല.
അവിടെ കുക്കി വിഭാഗത്തിൽ പെട്ട ഇന്ത്യൻ സൈനികെൻറ ഭാര്യയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത് മാനഭംഗപ്പെടുത്തുന്നതിെൻറ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു ഇന്ത്യ അപമാനിതയായതിനെ തുടർന്ന് നിൽക്കക്കള്ളിയില്ലാതെയാണ് പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. എന്നാൽ ഭരണപരാജയം സംഭവിച്ച മണിപ്പൂർ സർക്കാരിനെ പിരിച്ചുവിടാനോ നടപടി എടുക്കാനോ തയ്യാറാവാതിരുന്നത് എത്ര ധാർഷ്ട്യത്തോടെയാണ് ഇതെല്ലം നോക്കി കാണുന്നത് എന്ന് തെളിയിക്കുന്നതാണ്.
മണിപ്പൂരിൽ നിന്നും തുടങ്ങിയ ന്യായീ യാത്ര നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. മതത്തിെൻറ പേരിൽ വിഭജിക്കപ്പെടേണ്ടവരല്ല ഇന്ത്യൻ ജനതയെന്നും നീതി എന്നത് അവരുടെ അവകാശമാണെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി യാത്രയുമായി മുന്നോട്ടു പോകുന്നത്. ഹിന്ദി ഹൃദയഭൂമിലൂടെ കടന്നുപോകുന്ന ഈ ജാഥ ഇന്ത്യയെ ഒരുമിപ്പിക്കുന്ന ഒന്നാകും. ഒ.ഐ.സി.സി പ്രവാസി സംഘടനകൾക്ക് അങ്ങേയറ്റം പ്രസക്തി കൂടിയ സമയമാണ്. ആധുനിക കേരളത്തിെൻറ യഥാർഥ ശിൽപികൾ പ്രവാസികളാണ്. അങ്ങേയറ്റം സജീവമായ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനവുമാണ് പ്രവാസികളിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല, ആലപ്പുഴ ജില്ലാ പ്രസിഡൻറ് ജോണി പുതയാറ, ജനറൽ സെക്രട്ടറി ജലീൽ പള്ളാത്തുരുത്തി, ജീവകാരുണ്യ പ്രവർത്തകൻ സിറാജ് പുറക്കാട് എന്നിവർ പങ്കെടുത്തു.