കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് ഷിഫ്റ്റുകളിലായി 162 പേര്‍ക്ക് ഹീമോ ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. വീടുകളില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസിനും സൗകര്യം നല്‍കുന്നുണ്ട്. നിലവില്‍ 650ലധികം രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ തുക ഇതിനായി കണ്ടെത്തുമെന്നും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പദ്ധതികള്‍ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മന്ത്രി പറഞ്ഞു.
വലിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡയാലിസിസ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായത്. അസുഖങ്ങള്‍ വരുത്തിവയ്ക്കരുതെന്നും രോഗങ്ങള്‍ക്കിടയാക്കുന്ന ജീവിതശൈലി പിന്തുടരരുതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ മമ്മൂട്ടി പറഞ്ഞു.
ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന, ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോട്ടറി ഇന്റര്‍നാഷണല്‍ രാജ്‌മോഹന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പ്രതിനിധികള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 54 ഡയാലിസിസ് മെഷീനുകള്‍, 54 കൗചുകള്‍, മള്‍ട്ടിപാരമീറ്ററുകള്‍, ആറ് നഴ്‌സിങ്ങ് സ്റ്റേഷനുകള്‍ മൂന്ന് ഹെല്‍പ്പ് ഡസ്‌കുകള്‍, 12 സ്‌ക്രബ് ഏരിയ, 300 ഡയലൈസറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഡയാലിസിസ് ബ്ലോക്കില്‍ സജ്ജമാണ്. രോഗികളുടെ മാനസിക ഉല്ലാസത്തിനായി 18 ടിവികള്‍, സ്റ്റോറുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
2017- 18 കാലയളവില്‍ ഹൈബി എംപിയുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടി രൂപ, ആശുപത്രി വികസന സമിതി ഫണ്ട്, സി.എസ്.ആര്‍.ഫണ്ട് എന്നിവ ഉപയോഗിച്ചുകൊണ്ട് എട്ട് കോടി രൂപ വകയിരുത്തിയാണ് പുതിയ ബ്ലോക്കിലെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. വൃക്ക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഹീമോ ഡയാലിസിസും, പെരിട്ടോണിയല്‍ ഡയാലിസിസും, റീനല്‍ ട്രാന്‍സ്പ്ലാന്റേഷനും സാധ്യമാകുന്ന ഒരു സമഗ്ര നെഫ്രോളജി പാക്കേജാണ് ജനറല്‍ ആശുപത്രിയില്‍ യാഥാർഥ്യമായിരിക്കുന്നത്.