ക്യാൻസര്‍ രോഗം ബാധിക്കുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല എന്നാണ് മിക്കവരും ചിന്തിക്കുന്നത്. എന്നാല്‍ മറ്റ് പല രോഗങ്ങളിലുമെന്ന പോലെ തന്നെ ക്യാൻസറിലും പ്രായത്തിന് വലിയ റോളുണ്ട്. അധികവും പ്രായമായവരിലാണ് ക്യാൻസര്‍ ബാധയുണ്ടാകുന്നത്. ഇത് വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറുപ്പക്കാരിലും കുട്ടികളിലും ക്യാൻസര്‍ ബാധയുണ്ടാകുന്നത് കുറവ് തന്നെ എന്ന് മനസിലാക്കാൻ സാധിക്കും. അതേസമയം അടുത്ത കാലങ്ങളിലായി യുവാക്കള്‍ക്കിടയിലും ക്യാൻസര്‍ ബാധ കൂടിവരികയാണ്. ഇത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ കൂടുതല്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിന് പ്രേരിപ്പിക്കുകയാണ്. ഇത്തരത്തില്‍ ഗവേഷകസംഘങ്ങള്‍ യുവാക്കളില്‍ ക്യാൻസര്‍ ബാധ കൂടുന്നതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പഠിക്കുന്നുമുണ്ട്.
പ്രധാനമായും മൂന്ന് തരത്തിലുള്ള കാരണങ്ങളാണ് നിലവില്‍ ചെറുപ്പക്കാരില്‍ ക്യാൻസര്‍ ബാധ കൂടുന്നതിന് പിന്നില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇവയെ കുറിച്ച് ഒന്നറിഞ്ഞിരിക്കാം.
ഒന്ന്…
മോശം ജീവിതരീതിയാണ് ഒന്നാമതായി ചൂണ്ടിക്കാട്ടപ്പെടുന്ന കാരണം. ഇതില്‍ തന്നെ സ്ട്രെസ് വലിയ വില്ലനായി വിശേഷിപ്പിക്കപ്പെടുന്നു. സാമ്പത്തിക പ്രശ്നം, തൊഴില്‍ പ്രശ്നം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, എല്ലാത്തില്‍ നിന്നും സ്ട്രെസ് ഉണ്ടാകാം. ഇതിന് പുറമെ സോഷ്യല്‍ മീഡിയയുടെ അമിതോപയോഗവും യുവാക്കളില്‍ സ്ട്രെസ് തീര്‍ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. അമിതമായി സ്ട്രെസ് അനുഭവിക്കുമ്പോള്‍ അത് ക്യാൻസര്‍ അടക്കം പല രോഗങ്ങള്‍ക്കും അവസരം നല്‍കുംവിധത്തിലുള്ള അന്തരീക്ഷം ശരീരത്തിലുണ്ടാക്കുന്നു.
സ്ട്രെസ് കഴിഞ്ഞാല്‍ പിന്നെ വ്യായാമമില്ലായ്മ അല്ലെങ്കില്‍ കായികാധ്വാനങ്ങളേതുമില്ലാതെ അലസമായ ജീവിതരീതി, രാത്രി വേണ്ടത്ര ഉറങ്ങാത്ത ശീലം, മോശമായ ഭക്ഷണരീതി എന്നിവയും യുവാക്കളില്‍ ക്യാൻസര്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട്…
പാരിസ്ഥിതിക ഘടകങ്ങളാണ് യുവാക്കള്‍ക്കിടയില്‍ ക്യാൻസര്‍ കൂടുന്നതിനുള്ള മറ്റൊരു കാരണമായി കരുതപ്പെടുന്നത്. പണ്ടുകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കനത്ത വായുമലിനീകരണം ആണ് ഇന്ന് നാം നേരിടുന്നത്. പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍. ഈ വായു മലിനീകരണം വലിയ രീതിയില്‍ രോഗങ്ങള്‍ക്കുള്ള സാധ്യതകളും വര്‍ധിപ്പിക്കുന്നു. ക്യാൻസറും ഇക്കൂട്ടത്തിലുള്‍പ്പെടുന്നു.
വായു മലിനീകരണം മാത്രമല്ല. രാസവളങ്ങളുടെ അമിതോപയോഗം, ഭക്ഷണത്തിലും മറ്റും കലര്‍ന്നുവരുന്ന മായം, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാഡ്ഗെറ്റുകളുടെയും അമിതോപയോഗം എന്നിങ്ങനെയുള്ള പാരിസ്ഥിതികമായ ഘടകങ്ങളെല്ലാം ക്യാൻസര്‍ രോഗത്തിന് കൂടുതല്‍ അവസരമൊരുക്കുന്നു.
മൂന്ന്…
ജനിതകഘടകങ്ങളാണ് മറ്റൊരു കാരണം. എന്നാല്‍ ഇത് എങ്ങനെയാണ് യുവാക്കളില്‍ ക്യാൻസര്‍ ബാധ കൂട്ടുന്നത്, എന്താണ് ഇതിന് പ്രേരിപ്പിക്കുന്നത് എന്നതൊന്നും ഇനിയും വ്യക്തമായിട്ടില്ല. ഈ വിഷയങ്ങളില്‍ ഗവേഷകര്‍ പഠനം നടത്തുകയാണ്.