തിരുവനന്തപുരം : മദ്യവിതരണത്തിന് സംസ്ഥാനത്ത് പുതിയ 17 വെയര്‍ഹൗസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 2 വീതം വെയര്‍ഹൗസുകളും മറ്റു 11 ജില്ലകളില്‍ ഓരോ വെയര്‍ഹൗസുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ബവ്‌റിജസ് കോര്‍പറേഷന്റെ ഈ നിര്‍ദേശം നേരത്തെ എക്‌സൈസ് വകുപ്പ് അംഗീകരിച്ചിരുന്നു. മദ്യവിതരണത്തിന് ബവ്‌റിജസ് കോര്‍പറേഷന് ഇപ്പോള്‍ 23 വെയര്‍ഹൗസുകളാണുള്ളത്. കൂടുതല്‍ വെയര്‍ഹൗസുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ എംഡി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് സര്‍ക്കാരിനു കത്തെഴുതിയത്. 20ന് എക്‌സൈസ് കമ്മിഷണറുടെ അനുകൂല റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചു.
പല സ്ഥലങ്ങളിലും വെയര്‍ഹൗസുകള്‍ക്ക് ആവശ്യത്തിനു സ്ഥലം ഇല്ലാത്തതിനാല്‍ മദ്യം ഇറക്കുന്നതിനും കയറ്റുന്നതിനും താമസമുണ്ടാകുന്നതായി ബവ്‌കോ ചൂണ്ടിക്കാട്ടി. മദ്യവിതരണ കമ്പനികളുടെ എണ്ണം കണക്കിലെടുത്താല്‍ വെയര്‍ഹൗസുകളുടെ എണ്ണം കുറവാണെന്നും ഇതു സര്‍ക്കാരിനു നഷ്ടമുണ്ടാക്കുന്നതായും കോര്‍പറേഷന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു. വെയര്‍ഹൗസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് കോര്‍പറേഷന്‍. ബാറുടമകള്‍ക്ക് വെയര്‍ഹൗസിലെത്താതെ മദ്യം ഓണ്‍ലൈനിലൂടെ ബുക്കു ചെയ്യാനുള്ള സംവിധാനവും പൂര്‍ത്തീകരണഘട്ടത്തിലാണ്. ഇതെല്ലാം വരുമ്പോള്‍ കൂടുതല്‍ വെയര്‍ഹൗസുകള്‍ ഉണ്ടായാല്‍ വരുമാന വര്‍ധനവ് ഉണ്ടാകുമെന്ന് കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടി.
പുതിയ വെയര്‍ഹൗസുകളില്‍ എക്‌സൈസിന്റെ പ്രതിനിധി ഉണ്ടാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടപടികള്‍ വിഡിയോയില്‍ നിരീക്ഷിക്കണം. ക്യൂആര്‍ കോഡ് അധിഷ്ഠിതമായ ട്രാക്കിങ് സംവിധാനവും മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളും പുതുതായി തുടങ്ങുന്ന വെയര്‍ഹൗസുകളില്‍ നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു.