തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ യുടെ മനുഷ്യചങ്ങല വൈകീട്ട് അഞ്ചിന്. കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരത്ത് രാജ്‌ഭവൻവരെ 651 കിലോമീറ്റർ ദൂരത്തിലാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർക്കുന്നത്. ഇന്ന് വൈകീട്ട് 4.30ന് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുക്കും. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും നടക്കും.
അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹിം കാസർകോട്ട് ആദ്യ കണ്ണിയാകും. ഡി.വൈ.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി ജയരാജൻ രാജ്‌ഭവനുമുന്നിൽ അവസാന കണ്ണിയാകും. രാജ്‌ഭവനുമുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കാസർകോട്ട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും. അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.
റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.