കോട്ടയം: കള്ള് കടം കൊടുക്കാത്തതിന് കോട്ടയം ഏറ്റുമാനൂരിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ സ്വദേശികളായ വിഷ്ണുരാജ്, അനുമോൻ, വിഷ്ണു അനിൽ, അഖില്‍ ശശി, നവീൻ, ഷെബിൻ ദാസ്, വേണുഗോപാൽ എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രി 7 മണിയോടുകൂടി ഏറ്റുമാനൂർ ചെറുവാണ്ടൂർ ഷാപ്പിലെത്തി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷാപ്പിലെത്തിയ ഇവർ ഇവിടുത്തെ ജീവനക്കാരനോട് കള്ള് കടം ചോദിക്കുകയും, ജീവനക്കാരൻ ഇത് വിസമ്മതിച്ചതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് ജീവനക്കാരനെ മർദ്ദിക്കുകയും, ചില്ലു കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഷാപ്പിലെ ചില്ല് കുപ്പികളും, പാത്രങ്ങളും അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.