ലക്നോ: ഉത്തർപ്രദേശിൽ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് സഹോദരിമാർ മരിച്ചു. ബല്ലിയ ജില്ലയിലെ ബൈരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദയ് ഛപ്ര ഗ്രാമത്തിലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത സഹോദരിമാരാണ് കൊല്ലപ്പെട്ടത്. അൻഷു (13), തനു (11) എന്നിവരാണ് മരിച്ചത്. ഇരുവരും മതിലിനരികിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു.
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടെ ഇവർ കുടുങ്ങിപ്പോയതായി ബൈരിയ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ധരംവീർ സിംഗ് പറഞ്ഞു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മുത്തച്ഛൻ ഗ്രാമതലവനായിരുന്ന കാലത്താണ് ശുചിമുറിയുടെ നിർമ്മാണം നടന്നത്.