ബെംഗളൂരു: മിശ്രവിവാഹിതരായ ദമ്പതികളെ ആക്രമിച്ച സംഭവം കർണാടകയിൽ വീണ്ടും റിപ്പോർട്ട് ചെയ്തു. ഹാവേരി ജില്ലയിലാണ് വെള്ളിയാഴ്ച ദമ്പതികളെ ഒമ്പത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ ഏഴുപേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ബഡഗി ബസ് സ്റ്റാൻഡിൽ ദമ്പതികൾ സംസാരിച്ചുകൊണ്ടിരിക്കെ ഒമ്പത് പേരടങ്ങുന്ന സംഘം മുസ്ലീം യുവതിയെയും ഹിന്ദു യുവാവിനെയും ആക്രമിക്കുകയായിരുന്നു.മർദ്ദനം കണ്ട അടുത്തുനിന്നവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അന്നുതന്നെ യുവതി ഒമ്പത് പേർക്കെതിരെ പൊലീസിൽ പരാതി നൽകി. അബ്ദുൾഖാദർ മുദ്ഗൽ, മൻസൂർ താണ്ടൂർ, മെഹബൂബഖാൻ ബാഡിഗേര, റിയാസ് ഹലഗേരി, അൽവാസ് ബലിഗര, അബ്ദുൾ ദേസുര, ഖാദർ കനകെ, സലിംസാബ് ഖാസി, മെഹബൂബ അലി ഹലഗേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ള രണ്ടുപേരെ ഉടൻ പിടികൂടുമെന്ന് ഹവേരി എസ്പി അൻഷു കുമാർ പറഞ്ഞു.
ഐപിസി സെക്ഷൻ 147, 341, 323, 354, 504, 506, 149 പ്രകാരമാണ് കേസെടുത്തത്. ജനുവരി എട്ടിനും ഹവേരിയിൽ സമാന സംഭവമുണ്ടായിരുന്നു. ഹവേരി ജില്ലയിലെ ഹനഗൽ താലൂക്കിൽ ഏഴ് പേർ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ ആക്രമിക്കുകയും യുവതിയുടെ ഫോട്ടോയെടുക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി.