ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമിച്ചു കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം കാൽലക്ഷത്തിലേക്ക്. ഒക്ടോബർ ഏഴിന് ശേഷം 24,927 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സമ്മർദങ്ങൾ വകവെക്കാതെ ഇസ്രായേൽ ഗസ്സക്ക് മേൽ കനത്ത ആക്രമണം തുടരുകയാണ്.റഫാ, ജബലിയ, അൽ-ബുറൈജ് അഭയാർഥി ക്യാമ്പുകൾ എന്നിവിടങ്ങളിൽ ഇസ്രായേൽ സൈന്യം ഇന്നലെയും ആക്രമണം നടത്തി. അവസാന 24 മണിക്കൂറിൽ മാത്രം 165 പേർ കൊല്ലപ്പെട്ടതായി ഗസ്സ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 62,338 പേർക്കാണ് ഇതുവരെ ആകെ പരിക്കേറ്റത്.അതേസമയം, ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ കണ്ടെത്താനുള്ള ഇസ്രായേൽ സൈന്യത്തിന്‍റെ ശ്രമങ്ങൾ ലക്ഷ്യംകണ്ടില്ല. ബന്ദികളെ കുറിച്ച് വിവരം നൽകണമെന്നാവശ്യപ്പെട്ട് തെക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യം ലഘുലേഖകൾ വിതറി. ബന്ദികളുടെ ചിത്രം സഹിതമാണ് അറിയിപ്പ്. വിവരം നൽകുന്നവർക്ക് പാരിതോഷികമുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.’നിങ്ങൾക്ക് വീടുകളിലേക്ക് തിരിച്ചുപോകണ്ടേ? ചിത്രത്തിൽ കാണുന്നവരെ തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ വിവരം നൽകൂ’ എന്ന് ലഘുലേഖയിൽ പറയുന്നു. ഇസ്രായേൽ വടക്കൻ ഗസ്സയിൽ നിന്ന് ആയിരക്കണക്കിനാളുകളെ പലായനം ചെയ്യിപ്പിച്ച മേഖലയാണ് തെക്കൻ ഗസ്സ.ബന്ദിമോചനത്തിനായി ഇസ്രായേലിലും പ്രതിഷേധം ശക്തമാവുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ തെൽ അവിവിലെ വീട്ടിന് മുന്നിൽ ബന്ദികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധ റാലി നടത്തി. ഹമാസുമായി ചർച്ചയിലൂടെ ധാരണയിലെത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.