ന്യൂഡൽഹി> സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം ഇന്ത്യ മുന്നണി ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശത്തിനു പകരം അത് 32 ശതമാനമായി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. കേരളത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുകയാണെന്നും അ്ദദേഹം പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ അവധി കൊടുത്ത നടപടിയെ അപലപിക്കുന്നെന്നും സർക്കാരുകൾ മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം പ്രധാനമന്ത്രിയും നീതി ആയോഗ് ചെയർമാൻ വൈ വി റെഡ്ഡിയും ഒന്നിച്ച് സംസ്ഥാനങ്ങളെ സാമ്പത്തിക വിധേയത്വത്തിലേക്ക് കൊണ്ടു വരാനായി നടത്തിയ പരോക്ഷ നീക്കങ്ങൾ അതേ ഉദ്യോഗസ്ഥ സംവിധാനത്തിൽ നിന്നു തന്നെയാണ് പുറത്തു വന്നത്. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിവിആർ സുബ്രഹ്മണ്യമാണ് പൊതു വേദിയിൽ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞത്.
സാമ്പത്തിക ആസൂത്രണ രംഗത്തെ തിങ്ക് ടാങ്ക് ആയി അറിയപ്പെടുന്ന എൻജിഒ ആയ സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ. ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള ഈ സെമിനാറിൽ പാനൽലിസ്റ്റായി സംസാരിക്കവെയാണ് സുബ്രഹ്മണ്യം ജനാധപത്യ വാദികളെ ഞെട്ടിച്ച വിവരങ്ങൾ തുറന്നടിച്ചത്. നീതി ആയോഗ് എന്ന ഉന്നത സർക്കാർ സംവിധാനത്തിൻ്റെ നിലവിലെ സിഇഒ ആണ് സുബ്രഹ്മണ്യം.