അങ്കമാലി∙ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. അങ്കമാലി പാറക്കടവ് പുളിയനത്താണ് സംഭവം. പുന്നക്കാട് വീട്ടിൽ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.
ഇന്നലെ രാവിലെ നടന്ന സംഭവം വൈകിട്ടാണ് പുറത്തറിഞ്ഞത്. കൊലപാതകം നടക്കുന്ന സമയത്ത് മകളും വീട്ടിലുണ്ടായിരുന്നതായി പറയുന്നു. മകൾ ശുചിമുറിയിൽ പോയ സമയത്ത് പുറത്തുനിന്നു പൂട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. മകൾ ശുചിമുറിയിൽ കുടുങ്ങിയതിനാൽ വിവരം പുറത്തറിഞ്ഞില്ല.
പിന്നീട് മകൻ വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അപ്പോഴേയ്ക്കും ബാലൻ സൈക്കിളുമെടുത്ത് വീട്ടിൽനിന്ന് പോയിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.