തൃശൂർ> അയോധ്യയിലെ രാമക്ഷേത്രത്തെ ഇന്ത്യയുടെ പ്രതീകമാക്കി മാറ്റാനുള്ള ശ്രമത്തെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കണമെന്ന് കവി കെ സച്ചിദാനന്ദൻ പറഞ്ഞു. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കണ്ണിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യർക്കും മതങ്ങൾക്കും ആദർശപുരുഷനായി ഗാന്ധിജി കണ്ട രാമനെയല്ല അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത്. പള്ളി തകർത്ത സ്ഥലത്ത് ഹിന്ദുരാഷ്ട്രത്തിന്റെ നേതാവായ രാമനെയാണ് പ്രതിഷ്ഠിക്കുന്നത്.
ബഹുസ്വര ഇന്ത്യ തകർന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ശ്രമങ്ങളെ ചെറുത്തുനിൽക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ചിലർ. മതസൗഹാർദവും സമത്വത്തെക്കുറിച്ചുള്ള ജനങ്ങളുടെ സ്വപ്നങ്ങളും തകർക്കാനുള്ള ഊർജിതമായ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജനാധിപത്യത്തിലും സോഷ്യലിസത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവർ ഇതിനെ നിരന്തരം ചെറുത്തുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.